ലക്നോ: കൊച്ചുമകന്റെ ദുരൂഹമരണവുമായി ബന്ധപ്പെട്ടു പരാതി നൽകാനെത്തിയ വയോധികയ്ക്ക് പോലീസ് ഉദ്യോഗസ്ഥന്റെ കാല് പിടിക്കേണ്ടി വന്നു. രാജ്യത്തെ ഏറ്റവും മികച്ച മൂന്നാമത്തെ പോലീസ് സ്റ്റേഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം തെരഞ്ഞെടുത്ത ലക്നോ പോലീസ് സ്റ്റേഷനിലാണ് സംഭവം. കരഞ്ഞുപറഞ്ഞിട്ടും കേസെടുക്കാൻ കൂട്ടാക്കാതിരുന്നതോടെ കാലിൽ വീഴുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതോടെ ഇൻസ്പെക്ടർ തേജ് പ്രകാശ് സിംഗിനെ സസ്പെൻഡ് ചെയ്തു.
ജനകീയ ഇടപെടുകളുമായി നല്ല സേവകരായി പോലീസുകാർ മാറുന്ന ഇക്കാലത്താണ് നാണക്കേടായി ഈ സംഭവം നടന്നത്. പ്ലൈവുഡ് ഫാക്ടറിയിൽ മെഷീന്റെ ഇടയിൽപ്പെട്ടു മരിച്ച ആകാശ് യാദവ്(20) എന്ന യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് 75 കാരി ബ്രഹ്മ ദേവി പരാതി നൽകാനെത്തിയത്. വയോധികയുടെ പരാതി കസേരയിൽ കാലിൻമേൽ കാൽ കയറ്റിവച്ചാണ് കേട്ടത്. കരഞ്ഞുകൊണ്ട് കേസെടുക്കണമെന്നു വയോധിക അപേക്ഷിച്ചിട്ടും ഉദ്യോഗസ്ഥൻ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ മുതിർന്നില്ല. ഇതോടെ വയോധിക കാലിൽ വീഴുകയായിരുന്നു. എന്നാൽ തടയാനോ കസേരയിൽ നിന്നെഴുന്നേൽക്കാനോ പോലീസുദ്യോഗസ്ഥന് തയാറായില്ല.
പ്ലൈവുഡ് ഫാക്ടറിയുടെ ഉടമ അജയ് ഗുപ്തയ്ക്കെതിരെ പരാതി നൽകാനായിരുന്നു ബ്രഹ്മദേവിയും ബന്ധുക്കളും പോലീസ് സ്റ്റേഷനിൽ എത്തിയത്. ആകാശ് യാദവിന്റെ മരണശേഷം ഗുപ്ത ഒളിവിൽ പോയിരുന്നു. കാലഹരണപ്പെട്ട മെഷീനുകളാണ് ഫാക്ടറിയിൽ ഉപയോഗിച്ചിരുന്നതാണ്. ഇതാണ് അപകടമരണത്തിന് കാരണമായതെന്നാണ് യുവാവിന്റെ ബന്ധുക്കളും സമീപവാസികളും ആരോപിക്കുന്നത്.
ദുരൂഹമരണവുമായി ബന്ധപ്പെട്ട് കേസ്വനേഷണം ആരംഭിച്ചതായി ലക്നോ പോലീസ് അറിയിച്ചു. ഇൻസ്പെക്ടറെ നീക്കിശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണ് അന്വേഷണം. ഫാക്ടറി ഉടമയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എന്നാൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.