കാട്ടാക്കട : കുടുംബവഴക്കിനെ തുടർന്ന് ചോദ്യം ചെയ്യാൻ വിളിച്ചുവരുത്തിയ പതിനേഴുകാരനെ സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാരൻ ക്രൂരമായി മർദിച്ചുവെന്ന് പരാതി.
മകനെ മർദിക്കുന്നതു കണ്ട് പിതാവ് സ്റ്റേഷനിൽ കുഴഞ്ഞു വീണു. മാറനല്ലൂർ പോലീസ് സ്റ്റേഷനിലാണ് സംഭവം.
ബന്ധുവിനെ മർദിച്ചെന്ന പരാതിയെ തുടർന്ന് പോങ്ങുമ്മൂട് സ്വദേശിയായ അച്ഛനെയും മകനെയും മാറനല്ലൂർ എസ്ഐ ഇന്നലെ സ്റ്റേഷനിൽ വിളിപ്പിച്ചു.
ഇതനുസരിച്ച് ഇരുവരും ഇന്നലെ രാവിലെ സ്റ്റേഷനിലെത്തി. ഈ സമയം സ്റ്റേഷനിൽ മഫ്ത്തിയിൽ ഉണ്ടായിരുന്ന ഒരു പോലീസുകാരൻ 17 വയസുകാരനായ മകനെ ഷർട്ടിന്റെ കോളറിൽ കുത്തിപ്പിടിച്ച് സ്റ്റേഷനിലെ ചുവരിൽ ചേർത്ത് ഇടിക്കുകയുമായിരുന്നുവെന്ന് പിതാവ് പറയുന്നു.
പിതാവ് കുഴഞ്ഞുവീണതോടെ സംഗതി പുലിവാലാകുമെന്ന് ഭയന്ന പോലീസുകാർ ഇയാളെ സമീപത്തെ കണ്ടല സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ച് തടിതപ്പി.
പ്രായപൂർത്തിയാകാത്ത മകന്റെ പേരിൽ ജൂവനയിൽ ആക്ടനുസരിച്ച് കേസെടുക്കുമെന്ന് പോലീസുകാർ ഭീഷണിപ്പെടുത്തിയതായും ഇവർ പറയുന്നു.
എന്നാൽ ബന്ധുവിനെ മർദിച്ച പരാതിയിലാണ് ഇവരെ താൻ സ്റ്റേഷനിലേക്ക് വിളിപ്പിച്ചതെന്നും താക്കീത് നൽകി വിടുകയാണുണ്ടായതെന്നും മാറനല്ലൂർ എസ്ഐ പറഞ്ഞു.
മകനെ പോലീസ് മർദിച്ചുവെന്ന് കാട്ടി കാട്ടാക്കട ഡിവൈഎസ്പിക്ക് പിതാവ് പരാതി നൽകിയിട്ടുണ്ട്.