തൃശൂർ: മർദനമേറ്റവരെ പ്രതികളാക്കി പുതുക്കാട് പോലീസ് ഇരിങ്ങാലക്കുട ജുഡീഷൽ മജിസ്ട്രേട്ട് കോടതിയിൽ ഫയൽ ചെയ്ത കള്ളക്കേസ് ഹൈക്കോടതി റദ്ദാക്കി. പുനരന്വേഷണം നടത്താൻ ക്രൈം ബ്രാഞ്ചിനോട് ഉത്തരവിട്ടു. നെന്മണിക്കര സ്വദേശികളായ തട്ടിൽ ഷാജൻ, പാണ്ടാരി ഫ്രാൻസിസ്, പിടിയത്ത് കുഞ്ഞിപ്പാലു, റാഫേൽ പുളിക്കൻ എന്നിവരെ പ്രതികളാക്കി പോലീസ് ഫയൽ ചെയ്ത കേസാണ് കള്ളക്കേസാണെന്നു കണ്ട് ഹൈക്കോടതി റദ്ദാക്കിയത്.
പുതുക്കാട് എസ്ഐ സുനിൽ കൃഷ്ണ കേസന്വേഷണത്തിൽ ഗുരുതരമായ ക്രമക്കേടാണു കാണിച്ചതെന്നു ജഡ്ജി ബി. കെമാൽപാഷ ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വീട് ആക്രമിച്ചെന്ന് ആരോപിച്ച് കുഴിയാനി തങ്കമ്മ, മകൻ ബാബു എന്നിവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എസ്ഐ കള്ളക്കേസെടുത്തത്.
കള്ളക്കേസിൽ കുടുങ്ങിയവർ യഥാർഥത്തിൽ വഴിയിലൂടെ നടന്നുപോകുകയായിരുന്നു. ഇവരെ ഒരു സംഘം ആളുകൾ ആക്രമിക്കുകയായിരുന്നു. കുഞ്ഞിപ്പാലുവിന്റെ കാൽ തല്ലിയൊടിക്കുകയും ഫ്രാൻസിസിന്റെ പുറത്തു വെട്ടുകയും ചെയ്തു. ഡോക്ടറുടെ റിപ്പോർട്ടുകൾ വ്യക്തമായിരുന്നിട്ടും അക്രമത്തിന് ഇരയായവരെ പ്രതികളാക്കി കള്ളക്കേസിൽ കുടുക്കിയതാണെന്നു വ്യക്തമാണ്.
കാലൊടിച്ചതും വെട്ടേറ്റതും സ്വയം ചെയ്തതാണെന്നാണ് എസ്ഐ ഫയൽ ചെയ്ത കേസിൽ ആരോപിച്ചിരുന്നത്. ഇതു ശുദ്ധ അസംബന്ധമാണെന്നു കോടതി നിരീക്ഷിച്ചു. സിഐ തലത്തിൽ നടത്തിയ അന്വേഷണത്തിലും എസ്ഐ വരുത്തിവച്ച പിഴവുകൾ ആവർത്തിച്ചു. ഈ അന്വേഷണ റിപ്പോർട്ടും ഹൈക്കോടതി റദ്ദാക്കി. കള്ളക്കേസിൽ കുടുക്കിയവരെ പോലീസ് സ്റ്റേഷനിൽ മർദിച്ച എസ്ഐക്കെതിരേ നടപടിയെടുക്കണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സംസ്ഥാന പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിരുന്നു.