കൊച്ചി: കാറിൽ കടത്താൻ ശ്രമിക്കുകയായിരുന്ന 1.300 കിലോഗ്രാം കഞ്ചാവ് പിടികൂടിയ സംഭവത്തിൽ പ്രതി ഒളിവിൽ. എക്സൈസ് പിന്തുടർന്നതിനെ തുടർന്നു വാഹനം ഉപേക്ഷിച്ച ഓടി രക്ഷപെട്ട കൂത്താട്ടുകുളം മുത്തോലപുരം സ്വദേശിയായ മനു വിൽസനാണ് ഒളിവിൽ പോയിരിക്കുന്നത്. ഇയാളുടെ ബന്ധു മാറാടി സ്വദേശി ബാബുവും ഒളിവിലാണ് ഇയാൾക്കും കഞ്ചാവു മാഫീയായുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നതായി മൂവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ പി.കെ.രഘു പറഞ്ഞു.
ഈ മാസം അഞ്ചിനായിരുന്നു സംഭവം. എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ എ.കെ.നാരായണൻകുട്ടിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുവാറ്റുപുഴ എക്സൈസ് ഇൻസ്പെക്ടർ പി.കെ.രഘുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്ന് മനു വിൽസന്റെ കാർ എക്സൈസ് പിന്തുടരുകയായിരുന്നു. എക്സൈസിന്റെ വാഹനം കണ്ട മനു വാഹനം അതിവേഗതയിൽ ഓടിച്ചു പോവുകയായിരുന്നു. കാറിനെ പിന്തുടർന്ന് എക്സൈസ് സംഘം എത്തിയപ്പോഴേക്കും മനു വാഹനം ഉപേക്ഷിച്ച് ഓടി രക്ഷപെടുകയായിരുന്നു.
ഇയാൾക്കു പിന്നാലെ എക്സൈസ് സംഘം എത്തിയെങ്കിലും കനാൽ മുറിച്ചുകടന്ന് ഇയാൾ രക്ഷപെടുകയായിരുന്നു. ചില്ലറ കച്ചവടക്കാർക്ക് കഞ്ചാവ് എത്തിച്ച് മടങ്ങിവരുന്ന വഴിയായിരുന്നു മനു എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നത്. പിടിച്ചെടുത്ത കഞ്ചാവ് ലഹരിമാർക്കറ്റിൽ ഗുണമേന്മ കൂടിയതായി കണക്കാക്കുന്ന ഇടുക്കി കഞ്ചാവാണ്. സംഭവത്തിൽ മനുവിനെ ഒന്നാം പ്രതിയാക്കിയും ബാബുവിനെ രണ്ടാം പ്രതിയാക്കിയും കേസ് എടുത്തിട്ടുണ്ട്. മനു മുന്പും മയക്കുമരുന്നു കേസുകളിൽ പ്രതിയായിരുന്നിട്ടുള്ള ആളാണ്.