കാഞ്ഞിരപ്പള്ളി: മാന്പഴം മോഷ്ടിച്ച് പോലീസിനെ കബളിപ്പിച്ച് ഒളിവിൽ കഴിയുന്ന പോലീസിലെ കള്ളൻ സ്കൂൾ കലോത്സവ വേദിയിലും ഹിറ്റ്.
ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്കൂളിലെ കലാമത്സരവേദിയിലാണ് മാങ്ങാ മോഷ്ടിക്കുന്ന കള്ളനെ അവതരിപ്പിച്ച് എൽകെജി വിദ്യാർഥിയായ നിബ്രാസ് റഹ്മാൻ കൈയടി നേടിയത്.
പോലീസ് വേഷത്തിൽ സ്റ്റേജിലെത്തി പെട്ടിക്കുള്ളിൽനിന്ന് മാങ്ങായുമെടുത്ത് നീങ്ങുന്ന കുട്ടിക്ക് നിറഞ്ഞ കൈയടിയും അഭിനന്ദനവും ലഭിച്ചു.
മാങ്ങാകള്ളന്റെ കഥ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് സ്കൂളുകളിൽ നടക്കുന്ന കലോത്സവ വേദികളിലും കൈയടി നേടുന്നത്.
എന്നാൽ, മാങ്ങാ മോഷ്ടിച്ച പോലീസുകാരൻ 14 ദിവസമായി ഒളിവിൽത്തന്നെയാണ്. കഴിഞ്ഞ 30ന് പുലർച്ചെ നാലോടെ കാഞ്ഞിരപ്പള്ളിയിലാണ് കേസിനാസ്പദമായ സംഭവം.
കാഞ്ഞിരപ്പള്ളി പേട്ടക്കവലയിലെ മൊത്തവ്യാപാര പച്ചക്കറി കടയ്ക്ക് മുന്പിൽ ഇറക്കിവച്ചിരുന്ന പെട്ടിക്കുള്ളിൽനിന്ന് പച്ചമാങ്ങ മോഷ്ടിച്ചതാണ് കേസ്.
ഇടുക്കി എആർ ക്യാന്പിലെ സിപിഒയും കൂട്ടിക്കൽ സ്വദേശിയുമായ പുതുപ്പറന്പിൽ പി.വി. ഷിഹാബാണ് മാങ്ങാ മോഷ്ടിച്ചത്.