തിരുവില്വാമല : കഞ്ചാവു കേസിലെ പ്രതിയെ തേടി വീട്ടിൽ തിരച്ചിലിനെത്തിയ പോലീസിനെ തടഞ്ഞ് വീട്ടുകാർ. ഒടുവിൽ വീട്ടിനുള്ളിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയപ്പോൾ വീട്ടുകാർ വയലന്റ് സീൻ അവസാനിപ്പിച്ച് പോലീസിനോടു സഹകരിച്ചു.സാധനം തേടി വന്ന ഫോണ് കോൾ കൂടി സ്പീക്കർ ഓണ് ചെയ്ത് ലൈവായി കേൾപ്പിച്ചുകൊടുത്തതോടെ വീട്ടുകാർ അടങ്ങിത്തണുത്തു.
പോലീസിനു ലഭിച്ച വിവരത്തെ തുടർന്ന് കഴിഞ്ഞ ദിവസം തിരുവില്വാമല ഹൈസ്കൂൾ ഗ്രൗണ്ടിനു സമീപമുള്ള വീട്ടിൽ പരിശോധന നടത്തുന്നതിനിടയിലാണ് പോലീസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീട്ടുകാരുടെ സീനുകൾ അരങ്ങേറിയത്.ഇവിടെ പരിശോധന നടത്താൻ കഴിയില്ലെന്നും തേടിവന്നയാൾക്ക് അങ്ങിനെയുള്ള ഡിലീംഗ് ഒന്നുമില്ലെന്നും പരിശോധന നടത്തിയാൽ പ്രാദേശിക നേതാവിനെ വിളിക്കുമെന്നെല്ലാം വീട്ടുകാർ കട്ടക്കലിപ്പിൽ പോലീസിനോടു പറഞ്ഞു.
എന്നാൽ തികഞ്ഞ സംയമനം പാലിച്ച് ഒട്ടും ചൂടാവാതെ പോലീസ് പരിശോധന നടത്തുകയും തിരച്ചിലിനൊടുവിൽ പെയിന്റടിച്ച സോഡാ കുപ്പിക്കത്തു ഒളിപ്പിച്ചു വച്ചിരുന്ന കഞ്ചാവ് കണ്ടെത്തുകയും ചെയ്തു. ഇതിനിടയിൽ സാധനം ആവശ്യപ്പെട്ട് യുവാവിന് ഫോണ് വന്നു. ഫോണ് സ്പീക്കർ മോഡിലിട്ട് ആവശ്യം കേൾപ്പിച്ചപ്പോൾ വീട്ടുകാർ ഒന്നും പറയാതെ പോലീസിനോട് സോറി പറഞ്ഞ് അടങ്ങി.
തുടർന്ന് വീട്ടിൽ നിന്ന് സൂരജ് (20) എന്നയാളെ പഴയന്നൂർ പോലീസ് അറസ്റ്റുചെയ്തു. നേരത്തെ കഞ്ചാവുമായി അറസ്റ്റിലായ മുഹമ്മദ് ഫവാസ് (22) എന്ന പ്രതിയിൽ നിന്ന് ലഭിച്ച വിവരത്തെ തുടർന്നാണ് പോലീസ് ഇവിടെ പരിശോധനക്കെത്തിയത്. തിരുവില്വാമല, പാന്പാടി എന്നിവിടങ്ങളിൽ കഞ്ചാവ് വിൽപന വ്യാപകമാണ്.
സ്വന്തം ലേഖകൻ