കോട്ടയം: അംഗപരിമിത ദന്പതികളുടെ വീട് കയറി ആക്രമിച്ചു വാഹനങ്ങൾ നശിപ്പിച്ച കഞ്ചാവ് മാഫിയ സംഘത്തെ പിടികൂടാനായില്ല. ഇന്നലെ രാത്രി 10.30നു ഇറഞ്ഞാൽ വേന്പിൻകുളങ്ങര അന്പലത്തിനുസമീപം ബിജു ആലപ്പാട്ടിന്റെ വീട്ടിലാണു അക്രമം നടത്തിയത്.
നാട്ടാശേരി ലൈബ്രറിക്കുസമീപം തന്പടിക്കുന്ന സാമൂഹ്യവിരുദ്ധരായ കഞ്ചാവ് സംഘമാണ് അക്രമത്തിനു പിന്നിലെന്ന് ആരോപണമുണ്ട്. അക്രമികളിൽ സർക്കാർ ഉദ്യോഗസ്ഥനുമുണ്ട്. അക്രമം അരങ്ങേറിയപ്പോൾ ആക്രോശിച്ചുകൊണ്ട് ഒരു രാഷ്ട്രീയ പാർട്ടിയുടെ യുവജനവിഭാഗം പ്രവർത്തകരാണെന്നു വിളിച്ചുപറയുന്നുണ്ടായിരുന്നു.
അംഗപരിമിത ദന്പതികൾ താമസിക്കുന്ന വീടിന്റെ മുറ്റത്ത് രാത്രി അതിക്രമിച്ചു കയറിയവർ കാറിന്റെ ചില്ലുകൾ തകർക്കുകയും നാലു ഇരുചക്രവാഹനങ്ങൾക്ക് നാശം വരുത്തുകയും ചെയ്തു. വീടിനു നേരേ കല്ലെറിഞ്ഞു. ബിജു, ഭാര്യ ആൻസി, അമ്മ ഏലിയാമ്മ (90) എന്നിവരെ ഭീഷണിപ്പെടുത്തിയാണു ആക്രമണം നടത്തിയത്. പ്രകോപനം ഇല്ലാതെയാണു ആക്രമണം.
അക്രമികൾ രണ്ടു കാറുകളിലാണ് എത്തിയത്. പോർച്ചിൽ പാർക്ക് ചെയ്തിരുന്ന കാറിന്റെ പിന്നിലെയും വശങ്ങളിലെയും ചില്ല് വടി ഉപയോഗിച്ച് അടിച്ചു തകർത്തു. രണ്ടു സ്കൂട്ടറും രണ്ട് ബൈക്കുകളും മറിച്ചിട്ടു. കണ്ണാടി, ഹെഡ്ലൈറ്റ്, പെട്രോൾ ടാങ്ക് എന്നിവയ്ക്കും നാശം വരുത്തി. പിന്നീട് വീടിന്റെ വാതിലിനുനേരേ കല്ലെറിഞ്ഞു. ബഹളം കേട്ട് സമീപവാസികൾ എത്തിയപ്പോഴേക്കും അക്രമികൾ വാഹനത്തിൽ കയറി രക്ഷപ്പെട്ടു.
സംഭവത്തിനു മുന്പ് ബിജുവിന്റെ മക്കളുടെ സുഹൃത്തുക്കൾ സഞ്ചരിച്ചിരുന്ന കാർ നാഗന്പടം ഭാഗത്തു മറ്റൊരു കാറിന് സൈഡ് കൊടുക്കുന്നതു സംബന്ധിച്ചു തർക്കമുണ്ടായിരുന്നു. അക്രമികൾ നാഗന്പടത്തെ ഒരു ബാറിൽനിന്നും ഇറങ്ങിയപ്പോഴാണു പ്രശനമുണ്ടായത്.
ഇതിനുശേഷം ബിജുവിന്റെ വീട്ടിൽ മക്കളുടെ സുഹൃത്തുക്കൾ എത്തി. ഇവരെ പിന്തുടർന്ന് എത്തിയ രണ്ടുപേർ വിജയപുരം പഞ്ചായത്ത് ഒന്നാം വാർഡ് അംഗം ഇ.പി. നളിനാക്ഷന്റെ സാന്നിധ്യത്തിൽ പ്രശ്നം പറഞ്ഞു തീർത്തിരുന്നു. ഇതിനുശേഷമാണു സംഘമായി എത്തിയവർ ആക്രമണം നടത്തിയത്. ഈസ്റ്റ് പോലീസ് സ്ഥലത്തെത്തിയെങ്കിലും അക്രമികളെ കണ്ടെത്താനായില്ല.
അക്രമികൾക്കായി പോലീസ് അന്വേഷണം നടത്തിയെങ്കിലും പ്രതികൾ മുങ്ങിയിരിക്കുകയാണ്. ഇന്നു രാവിലെ പോലീസ് സംഭവസ്ഥലത്തെത്തി മൊഴികൾ രേഖപ്പെടുത്തി. പ്രതികൾ സഞ്ചരിച്ചിരുന്ന കാറുകൾ കസ്റ്റഡിയിലെടുത്തു പ്രതികളെ ഉടൻ പിടികൂടണമെന്നു പള്ളം ബ്ലോക്ക് പഞ്ചായത്ത് അംഗം വിനോദ് പെരുഞ്ചേരി ആവശ്യപ്പെട്ടു.