കണ്ണൂർ: കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെങ്ങും പരിശോധന ശക്തമാക്കി പോലീസ്. ലോക്ഡൗണ്‍ 30 വരെ നീട്ടിയ സാഹചര്യത്തിൽ കൂടുതൽ ആളുകൾ പുറത്തിറങ്ങാനുള്ള സാധ്യത കണക്കിലെടുത്താണ് പരിശോധന.
കണ്ണൂർ സിറ്റി പോലീസിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇന്ന് രാവിലെയും മിന്നൽ പരിശോധന നടത്തി. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പുറത്തിറങ്ങിയതിന് 62 കേസുകളാണ് രണ്ട് മണിക്കൂറിനുള്ളിൽ പോലീസ് രജിസ്റ്റർ ചെയ്തത്.
150തോളം വാഹനങ്ങൾ പിടിച്ചെടുത്തു. 150 പേർക്കെതിരെ പിഴയീടാക്കി താക്കീത് നൽകി വിട്ടയച്ചു.കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിലാണ് രാവിലെ മിന്നൽ പരിശോധന നടന്നത്.
അത്യാവശ്യകാര്യങ്ങൾക്കാണോ പുറത്തിറങ്ങിയത്, കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ, പാസ് ഉപയോഗിച്ചാണോ യാത്ര ചെയ്യുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്. കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലെ എല്ലാ സ്ഥലങ്ങളിലും പോലീസ് ഇന്ന് രാവിലെ പരിശോധന നടത്തി.