കണ്ണൂര്‍: തലശേരിയില്‍ ആറുവയസുകാരനെ ചവിട്ടിതെറിപ്പിച്ച സംഭവത്തില്‍ പോലീസിനു വീഴ്ച പറ്റിയെന്ന് അന്വേഷണറിപ്പോര്‍ട്ട്. കണ്ണൂര്‍ റൂറല്‍ എസ് പി.ബി.രാജീവ് റിപ്പോര്‍ട്ട് എഡിജിപിക്ക് കൈമാറി. സംഭവത്തില്‍ തലശേരി എസ്എച്ച്ഒ ഉള്‍പ്പെടെയുള്ള ആറ് പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും.
സംഭവം നടന്ന അന്നു തന്നെ പ്രതിയെ സ്റ്റേഷനിലെത്തിച്ചെങ്കിലും എസ്എച്ച്ഒ ഉള്‍പ്പെടെയുള്ളവര്‍ ഇത് ഗൗരവമായെടുത്തില്ല. സ്ഥലം സന്ദര്‍ശിച്ച പോലീസ് സംഘത്തിനും വീഴ്ചയുണ്ടായെന്ന് അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്.
നിര്‍ത്തിയിട്ടിരുന്ന കാറില്‍ ചാരി നിന്നതിനാണ് രാജസ്ഥാന് സ്വദേശിയായ ആറു വയസുകാരനെ യുവാവ് ചവിട്ടിതെറിപ്പിച്ചത്. സംഭവം നടന്നയുടനെ ദൃക്സാക്ഷികള്‍ പരാതി നല്‍കിയെങ്കിലും പ്രതിയെ പോലീസ് വിട്ടയച്ചിരുന്നു.
പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നതോടെയാണ് ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.