സീമ മോഹന്‍ലാല്‍
കൊച്ചി: കോട്ടയം വെള്ളൂര്‍ വാമനസ്വാമിക്ഷേത്രത്തിനു സമീപത്തുള്ള മൂന്നേക്കര്‍ പാടത്ത് അരിവാളുമായി കൊയ്യാനിറങ്ങിയപ്പോള്‍ കെ.എസ്. ബിനുമോന് എന്ന പോലീസുകാരന് അതൊരു സ്വപ്ന സാക്ഷാത്കാരമായിരുന്നു.
സുഹൃത്ത് അനീഷിന്റെ ഒമ്പതേക്കര്‍ സ്ഥലത്താണ് ബിനു കൃഷി നടത്തിയത്. മൂന്നേക്കര്‍ സ്ഥലത്ത് നെല്‍കൃഷി ചെയ്തു. അപ്രതീക്ഷിതമായി പെയ്ത മഴയില്‍ നെല്ല് വീണുപോയതിനാല്‍ പാടത്ത് മെഷീന് ഇറക്കാന്‍ കഴിഞ്ഞില്ല. ആളുകള്‍ നിന്നാണ് കൊയ്യുന്നത്.
ഒരേക്കറിന് 2,3000 കിലോ നെല്ലാണ് പ്രതീക്ഷിക്കുന്നത്. കൊയ്ത്ത് ഇനി രണ്ടു ദിവസം കൂടി ഉണ്ടാകും. ബാക്കിയുള്ള ആറേക്കര്‍ സ്ഥലത്തില്‍ കുറേ ഭാഗത്ത് പച്ചക്കറി കൃഷി ചെയ്തിട്ടുണ്ട്.
300 ഏത്തവാഴ, കപ്പ, ചേന, ചേമ്പ്, കാച്ചില്, പയര്‍, വെള്ളരി, പടവലം, ഇഞ്ചി, മഞ്ഞള്‍ എന്നിവയെല്ലാം ഈ സ്ഥലത്ത് സമൃദ്ധമായിട്ടുണ്ട്. രണ്ടുവര്‍ഷം മുമ്പ് വാഴകൃഷി ചെയ്തിരുന്നു. നല്ല വിളവ് കിട്ടിയതോടെ ബിനുവിന് കൃഷിയില്‍ ആത്മവിശ്വാസം ഏറി. അങ്ങനെയാണ് നെല്‍കൃഷിയിലേക്ക് തിരിഞ്ഞത്.
മിഠായിക്കുന്നത്തുള്ള ബിനുമോന്റെ വീട്ടില്‍ ടെറസിലും മുറ്റത്തുമായി പച്ചക്കറി കൃഷിയുണ്ട്. അക്വാപോണിക്സ് സംവിധാനമാണ് ഇവിടെ ചെയ്തിരിക്കുന്നത്.
ടാങ്കില്‍ തിലാപ്പിയ, ഷാര്‍ക്ക് എന്നീ മത്സ്യങ്ങളെയാണ് വളര്‍ത്തുന്നത്. ഇവയുടെ മാലിന്യങ്ങളാണ് കൃഷിക്ക് വളമാക്കിയിരിക്കുന്നത്. പടവലം, പയര്‍, പാവല്‍, മുളക്, വെണ്ട, വഴുതന, പീച്ചില്‍, ചുരയ്ക്ക, നിത്യവഴുതന, ചീര എന്നീ കൃഷിയിനങ്ങളാണ് വീട്ടിലുള്ളത്.
സംസ്ഥാന സ്പെഷല്ബ്രാഞ്ചിന്റെ എറണാകുളം സിറ്റി ഡിറ്റാച്ച്മെന്റില്‍ സിവില്‍ പോലീസ് ഓഫീസറാണ് ബിനുമോന്. അതിരാവിലെയും ഡ്യൂട്ടി കഴിഞ്ഞുള്ള സമയവും അവധിദിവസങ്ങളുമാണ് കൃഷിക്കായി വിനിയോഗിക്കുന്നതെന്ന് ബിനുമോന് പറഞ്ഞു.