കറുകച്ചാൽ: കോവിഡ് സ്ഥിരീകരിച്ചവരുമായി സന്പർക്കം പുലർത്തിയ കറുകച്ചാൽ സ്റ്റേഷനിലെ പോലീസുകാർക്ക് ക്വാറന്റൈൻ നിഷേധിച്ചതായി പരാതി. ഇതോടെ കോവിഡ് വ്യാപകമാകുമെന്ന ആശങ്ക വർധിക്കുന്നു.
ക്വാറന്റൈൻ അനുവദിക്കാത്തതിനാൽ കറുകച്ചാൽ സ്റ്റേഷനിലെ നിരവധി പോലീസുകാർക്കാണ് ഇതിനോടകം കോവിഡ് ബാധിച്ചിരിക്കുന്നത്. ഇവിടെ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരിൽ 30 പേർക്കും രോഗം വന്നു.
ഒന്നര മാസം മുന്പ് ആറു പോലീസുകാർക്ക് ഒരേ സമയം അസുഖം ബാധിച്ചിരുന്നു. ഇവരുമായി സന്പർക്കം പുലർത്തിയ മറ്റ് പോലീസുകാർക്ക് ക്വാറന്റൈൻ അനുവദിക്കാത്തതാണ് മറ്റുള്ളവരിൽ രോഗബാധ വ്യാപിക്കാൻ കാരണമായതെന്ന് പറയപ്പെടുന്നു.
അന്ന് രോഗബാധിതരായവരുടെ പ്രാഥമിക സന്പർക്ക പട്ടികയിലുള്ള മറ്റ് പോലീസുകാർക്ക് ക്വാറന്റൈൻ അനുവദിക്കണമെന്ന് മേലുദ്യോഗസ്ഥരോട് എസ്ഐ അഭ്യർഥിച്ചെങ്കിലും ഇതു ചെവികൊള്ളാതെ ക്വാറന്റൈൻ ആവശ്യം ഉന്നയിച്ച എസ്ഐക്ക് മെമ്മോ നൽകുകയും ചെയ്തിരുന്നു.
രോഗ ബാധിതരുമായി സന്പർക്കം പുലർത്തിയിട്ടും ക്വാറന്റൈൻ അനുവദിക്കാത്തതിനാൽ പലരും ഇപ്പോഴും ജോലിയിൽ തുടരുകയാണ്. മറ്റ് സ്റ്റേഷനുകളിൽ നിന്നും വരുന്ന പോലീസ് ഉദ്യോഗസ്ഥർക്കും വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന പൊതു ജനങ്ങൾക്കും രോഗം പകരുമോ എന്ന ആശങ്കയുണ്ട്.
കൂടാതെ ഇവരുടെ വീടുകളിലെ മുതിർന്നവർ, കുട്ടികൾ എന്നിവർക്കും രോഗം വരാനുള്ള സാധ്യത ചുണ്ടിക്കാണിക്കപ്പെടുന്നു. കോവിഡ് മാനദണ്ഡങ്ങൾ നടപ്പിലാക്കാൻ കഠിനാദ്ധ്വാനം ചെയ്യുന്ന പോലീസുകാർ തന്നെ രോഗവാഹകരാകുന്ന സ്ഥിതിവിശേഷമാണ് കറുകച്ചാൽ പോലീസ് സ്റ്റേഷനിലെന്ന് നാട്ടുകാർ പറയുന്നു.