കണ്ണൂർ: തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ നേതാക്കൾക്കും പാർട്ടി ഓഫീസുകൾക്കും സുരക്ഷ ഏർപ്പെടുത്തി. ഇന്നലെ രാത്രി മുതലാണ് തിരുവനന്തപുരത്ത് സംഘർഷം അരങ്ങേറിയത്. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റേതടക്കമുള്ള വാഹനങ്ങൾ സംഘർഷത്തിൽ തകർത്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയുടെ വീടിനുനേരേയും ആക്രമണമുണ്ടായി. ഈ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ജില്ലാ പോലീസ് മേധാവി ജി. ശിവവിക്രം പോലീസ് ഉദ്യോഗസ്ഥർക്ക് പാർട്ടി ഓഫീസുകൾക്ക് സുരക്ഷ ഒരുക്കാൻ നിർദേശം നൽകിയത്. ജില്ലയിലെ പ്രധാനപ്പെട്ട സിപിഎം-ബിജെപിയുടെ പാർട്ടി ഓഫീസുകൾക്കാണ് പോലീസ് സുരക്ഷ ഏർപ്പെടുത്തിയത്.
സിപിഎം-ബിജെപി നേതാക്കളുടെ വീടുകൾക്ക് പോലീസ് കാവൽ ഏർപ്പെടുത്തുന്നതിനോടൊപ്പം ഇവരുടെ വീടിന്റെ പരിസരങ്ങളിൽ പട്രോളിംഗും ശക്തമാക്കിയിട്ടുണ്ട്. പാർട്ടി നേതാക്കൾക്കു പുറമെ മുഖ്യമന്ത്രി പിണറായി വിജയൻ, സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, സിപിഎമ്മിന്റെ എംഎൽഎമാർ, ജില്ലയിലെ മറ്റു മന്ത്രിമാർ എന്നിവരുടെ വീടുകൾക്കും പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്.