കൊച്ചി: പോലീസുകാര്‍ക്കിടയില്‍ സമ്മര്‍ദം കൂടുന്നുവെന്ന പരാതിയുടെ സാഹചര്യത്തില്‍ സേനാംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാവല്‍ കരുതല്‍ പദ്ധതി നടപ്പാക്കുന്നു.
പോലീസുകാരുടെ ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പ്രശ്നങ്ങള്‍ക്ക് കാര്യക്ഷമമായ നടപടി സ്വീകരിച്ച് പരിഹാരം കാണുകയാണ് ലക്ഷ്യം. ഈ പദ്ധതി എല്ലാ ജില്ലകളിലും ഉടന്‍ നടപ്പാക്കാന്‍ ക്രമസമാധാന ചുമതലയുളള എഡിജിപി എം.ആര്. അജിത് കുമാര്‍ സര്‍ക്കുലര്‍ ഇറക്കി.
മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പദ്ധതി. പോലീസ് സ്റ്റേഷന് തലം മുതല്‍ ജില്ലാ പോലീസ് മേധാവി വരെ പരാതി പരിഹാര പദ്ധതി നടപ്പാക്കും. പോലീസ് സ്റ്റേഷന് തലത്തില്‍ എസ്എച്ച്ഒക്കാണ് ചുമതല. സ്റ്റേഷന് റൈറ്റര്‍, വനിതാ പോലീസ് പ്രതിനിധി, അസോസിയേഷന് പ്രതിനിധി, സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന് എന്നിവര്‍ കമ്മറ്റിയില്‍ ഉണ്ടാകും.
എല്ലാ വെള്ളിയാഴ്ചയും രാവിലെ 9.30-ന് എസ്എച്ച്ഒയുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തില്‍ സ്റ്റേഷനിലെ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഔദ്യോഗികവും വ്യക്തിപരവും സര്‍വീസ് സംബന്ധവുമായ പരാതികള്‍ ഉന്നയിക്കാം.
ഇപ്രകാരം ലഭിക്കുന്ന പരാതികളില്‍ സ്റ്റേഷന് തലത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്നത് 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പ് കല്പിച്ച് ഈ വിവരം പരാതിക്കാരനെ രേഖാമൂലം അറിയിക്കണം. അല്ലാത്ത പരാതികള്‍ ഏഴു ദിവസത്തിനുള്ളില്‍ ന്യായയുക്തമായ പരിഹാരം കണ്ടെത്തണം.
പോലീസ് സ്റ്റേഷന് തലത്തില്‍ തീര്‍പ്പ് കല്പിക്കാന് കഴിയാത്ത പരാതികള്‍ അന്നേ ദിവസം തന്നെ ജില്ലാ പോലീസ് മേധാവിക്ക് അയച്ചു നല്‍കണം. കമ്മിറ്റി മുമ്പാകെ ലഭിക്കുന്ന പരാതിയുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങള്‍ പ്രത്യേക പെര്‍ഫോമ പ്രകാരം എല്ലാ തിങ്കളാഴ്ചയും വൈകിട്ട് നാലിനു മുമ്പായി ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ഓഫീസിലേക്ക് അയയ്ക്കണം.
പോലീസ് സ്റ്റേഷന്, ജില്ലാ പോലീസ് മേധാവി, റേഞ്ച് ഡിഐജി, സോണല്‍ ഐജി എന്നിവര്‍ക്ക് നല്കിയ പരാതികളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ ഈ വിവരം ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിയെ അറിയിക്കണമെന്നും സര്‍ക്കുലറിലുണ്ട്.
ഫ്രൈഡേ ബോക്സും ഇന്‍ പേഴ്സണും
ഇതിനു പുറമേ ഫ്രൈഡേ ബോക്സ്, ഇന്‍ പേഴ്സണ്‍ എന്നീ പരാതി പരിഹാര മാര്‍ഗങ്ങളും നടപ്പാക്കുന്നുണ്ട്. ഫ്രൈഡേ ബോക്സ് പ്രകാരം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ഓഫീസിലെ ഓഫീസേഴ്സ് ഗ്രീവന്‍സ് സെല്ലിലേക്ക് വാട്സാപ്പ്, ഇ- മെയില്‍ വഴി നിര്‍ദിഷ്ട ഫോര്‍മാറ്റില്‍ പരാതി അയയ്ക്കാം.
പരാതി പരിശോധിച്ച് പരാതിക്കാരനെ ഓണ്‍ലൈന്‍ മീറ്റിംഗ് പ്ലാറ്റ്ഫോം വഴി വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടിനും നാലിനും ഇടയിലുള്ള ടൈം സ്ലോട്ട് അനുവദിച്ച് വ്യക്തിപരമായി കേട്ട ശേഷമായിരിക്കും പരാതി തീര്‍പ്പാക്കുന്നത്.
ഇന്‍ പേഴ്സണില്‍ ഏതൊരു പോലീസ് ഉദ്യോഗസ്ഥനും വ്യക്തിപരമായോ ഔദ്യോഗികപരമായോ പരാതികള്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപി ഓഫീസില്‍ യൂണിറ്റ് മേധാവിയുടെ അനുമതിയോടെ നേരിട്ട് പരാതി സമര്‍പ്പിക്കുന്ന ഉദ്യോഗസ്ഥരുടെ പരാതി എഡിജിപി നേരിട്ട് കേള്‍ക്കും.
ഇത്തരത്തില്‍ നേരിട്ട് പരാതി സമര്‍പ്പിക്കാനുള്ള അനുവാദം യൂണിറ്റ് മേധാവിമാര്‍ നല്‍കണമെന്നും പരാതി നല്കാന് വരുന്ന ഉദ്യോഗസ്ഥരുടെ യാത്ര ഡ്യൂട്ടിയായി പരിഗണിക്കണമെന്നും ഉത്തരവിലുണ്ട്.
സീമ മോഹന്‍ലാല്‍