പയ്യന്നൂര്‍: കുടിവെള്ളത്തിനായി പയ്യന്നൂർ സ്റ്റേഷനിലെ പോലീസുകാർ കാക്കിയൂരി വച്ച് കിണര്‍ കുഴിക്കുന്നു. ഇരുപതു സേനാംഗങ്ങളാണ് കിണര്‍ നിര്‍മാണത്തിലേര്‍പ്പെട്ടിരിക്കുന്നത് . സ്റ്റേഷൻ പരിസരത്ത് ഇപ്പോഴുള്ള കിണര്‍ വേനല്‍ക്കാലത്ത് വറ്റുന്നതു പതിവാണ്. പലതവണ ആഴംകൂട്ടി നോക്കിയെങ്കിലും വെള്ളം കിട്ടിയില്ല.
അടര്‍ന്നുതുടങ്ങിയ കോണ്‍ക്രീറ്റ് റിംഗുകളായതിനാല് കൂടുതല്‍ പരീക്ഷണം നടത്താനും പറ്റാത്ത അവസ്ഥയായിരുന്നു. വിവിധ കേസുകളിലായി കൊണ്ടുവന്നിട്ടിരിക്കുന്ന വാഹനങ്ങളിലെ എണ്ണ ചോര്ന്നിറങ്ങുന്നതുമൂലം ഈ വെള്ളം പ്രാഥമികാവശ്യങ്ങള്‍ക്കുപോലും ഉപയോഗിക്കാനും പറ്റാത്ത അവസ്ഥയായിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയൊരു കിണർ എന്ന ആശയം പോലീസുകാരിൽ ഉദിച്ചത്.
വകുപ്പുതല നടപടികളും അനുമതിയും ടെൻഡറുമൊക്കെ കഴിഞ്ഞുവരുമ്പോഴേയ്ക്കും ഏറെ കാലതാമസമുണ്ടാകുമെന്ന തിരിച്ചറിവാണ് സ്വന്തമായി കിണര്‍ കുഴിക്കാന്‍ പോലീസുകാരെ പ്രേരിപ്പിച്ചത്. കല്ലുചെത്തും കെട്ടലും അടിയിലെ റിംഗിന്റെ കോണ്‍ക്രീറ്റിംഗും പോലീസുകാര്‍ ചേര്‍ന്നു സ്വരൂപിച്ച പണംകൊണ്ടാണ് നടത്തിയത്. കിണറിനായി ആദ്യം കുഴിയെടുത്തതും കല്ലു കെട്ടിയുയര്‍ത്തിയ കിണറില്‍നിന്നും ബാക്കിയുള്ള മണ്ണ് കോരി മാറ്റുന്നതും പോലീസുകാരാണ്.
രണ്ടോ മൂന്നോ ദിവസത്തെ അധ്വാനംകൂടിയുണ്ടെങ്കില് ആവശ്യത്തിന് വെള്ളം കിട്ടുമെന്ന പ്രതീക്ഷയാണിവര്‍ക്ക്. സിഐ എം.പി.ആസാദും എസ്ഐ കെ.പി.ഷൈനും നല്കുന്ന പ്രോത്സാഹനമാണ് കിണര്‍നിര്‍മാണത്തില്‍ പോലീസുകാർക്കുള്ള ഊര്‍ജം. കേരളത്തിലെ ആദ്യത്തെ ജനമൈത്രി പോലീസ് സ്റ്റേഷൻകൂടിയായ പയ്യന്നൂർ സ്റ്റേഷനിലെ പോലീസുകാർ ഇതോടെ പുതിയൊരു ചരിത്രം രചിക്കുകയാണ്.