കോൽക്കത്ത: അപകട സ്ഥലത്തേയ്ക്ക് ഓടിയെത്തിയ ആ പോലീസുകാരന് ലഭിച്ചത് അപ്രതീക്ഷിത സമ്മാനം. കോൽക്കത്തയിലെ ചിംഗിരിഗട്ട ബൈപ്പാസിലാണ് രസകരമായ സംഭവം അരങ്ങേറിയത്. സ്ഥലത്ത് അപകമുണ്ടായെന്ന മനസിലാക്കി ഓടിയെത്തിയ പോലീസുകാരനെ വരവേറ്റത് ഒരു ചുംബനമാണ്.
മുപ്പത്തിയെട്ടുകാരിയായ യുവതിയാണ് കഥയിലെ നായിക. കക്ഷി, അടിച്ചുപൂസായി കാറിൽ പറക്കുകയായിരുന്നു. ഒപ്പം സുഹൃത്തുക്കളായ രണ്ടു പേരുമുണ്ട്. പക്ഷേ, പറക്കലിനിടെ നഗരത്തിൽ വച്ച് കാർ ഡിവൈഡറിലും മറ്റും തട്ടി ആകെ പ്രശ്നമായി. അപകടം നടന്നുവെല്ലോ എന്നോർത്ത് സ്ഥലത്തേയ്ക്ക് ഓടിയെത്തിയത് ഒരു ടാക്സി ഡ്രൈവറാണ്. പക്ഷേ, നാലുകാലിലായിരുന്നു യുവതിക്ക് അത് തീരെ പിടിച്ചില്ല. അവൾ പാവം ടാക്സിക്കാരനെ ആകാവുന്ന പോലെ മർദ്ദിച്ചു. ഇതു കണ്ടാണ് പോലീസുകാരൻ ഓടിയെത്തിയത്. എന്നാൽ പോലീസുകാരനെ യുവതിക്ക് നന്നായി ഇഷ്ടപ്പെട്ടു. വന്നപാടെ അയാൾക്ക് ഒരു ചുടുചുംബനം നൽകിയാണ് യുവതി സ്വീകരിച്ചത്.
പണിപാളിയെന്ന് മനസിലാക്കിയ പോലീസുകാരൻ തന്റെ അടവ് നയമൊന്നും ഇവിടെ ചിലവാകില്ലെന്ന് ആദ്യം തന്നെ മനസിലാക്കി. കൂടുതൽ ചുംബനം ലഭിക്കാതിരിക്കാൻ അയാൾ സ്ഥലത്തുണ്ടായിരുന്ന സ്ത്രീകളുടെ സഹായം തേടി. സഹായികളായ സ്ത്രീകളും പോലീസുകാരനും ചേർന്ന് ഒരുവിധം കൂടുതൽ ചുംബനം ലഭിക്കാതെ യുവതിയെയും സുഹൃത്തുക്കളെയും സ്റ്റേഷനിലെത്തിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ചതിനും അശ്രദ്ധമായ ഡ്രൈവിംഗിനും യുവതിക്കെതിരേ പോലീസ് കേസെടുത്തു. ഭാഗ്യം പരസ്യ ചുംബനത്തിന് കേസില്ല….