ആലപ്പുഴ: പരാതിക്കാരിയായ ഭാര്യയ്ക്കൊപ്പം സ്റ്റേഷനിലെത്തിയ ഭർത്താവിനെ പോലീസ് ക്രൂരമായി മർദിച്ചു കള്ളക്കേസിൽ കുടുക്കിയതായി തോട്ടപ്പള്ളി ഖദീജ മൻസിലിൽ ഹസീന, സലിം ദന്പതികൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.
പുറക്കാട് കരൂരിൽ നടത്തുന്ന വ്യാപാര ശാലയുടെ കെട്ടിട ഉടമയുമായുള്ള തർക്കത്തെ തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് ഹസീന നൽകിയ പരാതി പരിഹാരവുമായി ബന്ധപ്പെട്ടാണ് ഭർത്താവുമൊത്ത് കഴിഞ്ഞ 26ന് അന്പലപ്പുഴ സ്റ്റേഷനിൽ എത്തിയത്. കെട്ടിട ഉടമയുടെ മക്കളായ മധു, ഷാജി എന്നിവരുമായി ചർച്ച നടത്തുന്നതിനിടെ സിഐ സലിമിനെ മർദിച്ചതായി ഇരുവരും ആരോപിച്ചു.
കോട്ടയം സ്വദേശിനിക്കു കടംവാങ്ങിയ തുക കൊടുത്തില്ലെന്നതിന്റെ പേരിലാണ് തന്നെ കള്ളക്കേസിൽ ഉൾപ്പെടുത്തിയത്. എന്നാൽ ഇവരുമായി ഒരുതരത്തിലുള്ള സാന്പത്തിക ഇടപെടലും നടത്തിയിട്ടില്ലെന്ന് സലിം പറഞ്ഞു.