തിരുവനന്തപുരം: നഗരത്തിൽ കുറ്റകൃത്യങ്ങളും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനും സ്കൂൾ, കോളജ് വിദ്യാർഥികളടക്കമുള്ളവരുടെ ലഹരി ഉപയോഗം തടയുന്നതിനും ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതുൾപ്പെടെ നിരവധി പദ്ധതികൾക്ക് സിറ്റി പോലീസ് തുടക്കം കുറിച്ചു.
“ഓപ്പറേഷൻ കോബ്ര’ എന്ന പേരിൽ സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ രൂപം നൽകിയ പത്ത് ദിന കർമ പദ്ധതിയിലുൾപ്പെടുത്തിയാണ് സിറ്റി പോലീസിലെ എല്ലാ വിഭാഗത്തെയും പങ്കെടുപ്പിച്ചുള്ള സംയുക്ത നീക്കത്തിന് പോലീസ് തയാറെടുക്കുന്നത്. പൊതുജന സുരക്ഷക്കും ജനങ്ങളുടെ മൗലികാവകാശവും സംരക്ഷിക്കുവാൻ നിരവധി പദ്ധതികളാണ് സിറ്റി പോലീസ് ആസൂത്രണം ചെയ്തിരിക്കുന്നത്.
ഓപ്പറേഷൻ കോബ്ര എന്ന പത്ത് ദിന പദ്ധതിയിൽ ഓരോ മേഘലകളും പ്രത്യേകം തരം തിരിച്ചാണ് കർശന പരിശോധന ഉൾപ്പെടെയുള്ളവ സിറ്റി പോലീസ് നടപ്പാക്കുന്നത്. സ്ഥിരം കുറ്റവാളികളെ കണ്ടെ ത്തി അവരുടെ പ്രവർത്തനങ്ങൾ രഹസ്യമായി നിരിക്ഷിക്കുകയും, അവരുടെ പൂർണമായ വിവരങ്ങൾ ശേഖരിച്ച് പോലീസ് സ്റ്റേഷനുകളിൽ സൂക്ഷിക്കുകയും കമ്മീഷണർ നേരിട്ട് വിലയിരുത്തുന്നതുമാണ്.
കുറ്റകൃത്യങ്ങളിൽപ്പെട്ട് ഒളിവിൽ കഴിയുന്നവരെ കണ്ടെത്താൻ പ്രത്യേക സ്ക്വാഡ് രൂപീകരിക്കും. ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ, ഫ്ലാറ്റുകൾ, ആൾ താമസമില്ലാത്ത സ്ഥലങ്ങൾ, എന്നിവിടങ്ങളിലെ സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിന് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും.വിനോദ സഞ്ചാരികൾക്ക് പ്രത്യേക സുരക്ഷ നൽകുന്നതോടൊപ്പം വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിരീക്ഷണത്തിന് സംവിധാനം ഏർപ്പെടുത്തും.
തലസ്ഥാനത്ത് പല ആവശ്യങ്ങൾക്കുമായി എത്തുന്ന അന്യസംസ്ഥാനക്കാർക്ക് സുരക്ഷ ഉറപ്പാക്കും, മയക്കുമരുന്നുത്പന്നങ്ങളുടെ വിൽപന തടയുന്നതിനും, ലഹരി വസ്തുക്കൾ ഉപയോഗിക്കുന്ന വിദ്യാർഥികളെ കണ്ടെത്തി അവരെ ലഹരി ഉപയോഗത്തിൽ നിന്നും പിന്തിരിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും.
ബസ് സ്റ്റാൻഡിലും ബസുകളിലും പൊതുഇടങ്ങളിലും സ്ത്രീകൾക്ക് നേരെയുള്ള പൂവാലശല്യമുൾപ്പെടെ നടത്തുന്നവരെ കണ്ടെത്തി നടപടികൾ സ്വീകരിക്കും, ക്ലാസികളിൽ കയറാതെ കറങ്ങി നടക്കുന്ന വിദ്യാർഥികളെ കണ്ടെത്തി വേണ്ട നടപടികൾ കൈക്കൊള്ളും, തലസ്ഥാനത്ത് പെരുകി വരുന്ന റോഡപകടങ്ങൾ നിയന്ത്രിക്കുന്നതിനായി അമിത വേഗം, അശ്രദ്ധ, മദ്യപിച്ച് വാഹനമോടിക്കൽ, ഗതാഗത നിയമലംഘനം എന്നിവ നടത്തുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കും.
നഗരത്തിൽ ഗതാഗതകരുക്ക് ഒഴിവാക്കുന്നതിനും, അനധികൃത പാർക്കിംഗ് ഒഴിവാക്കുന്നതിനും ലോക്കൽ പോലീസ് ഉൾപ്പെടെയുള്ളവരുടെ സേവനം ലഭ്യമാക്കും, പൊതു സ്ഥലങ്ങളിലും, നദികളിലും മാലിന്യം വലിച്ചെറിയുന്നവരെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കും. നഗരത്തിലെ ക്രിമിനലുകളുടെ വിവരശേഖരണമുൾപ്പെടെ തുടങ്ങിയ പോലീസ് ഇവർ വീണ്ടും കുറ്റകൃത്യങ്ങളിലേർപ്പെട്ടാൽ ഗുണ്ടാ നിയമം ഉൾപ്പെടെയുള്ളവ ചുമത്തി ഇവർക്കെതിരെയുള്ള നടപടികൾ കർശനമാക്കുന്നം.
ഗുണ്ടാ പ്രവർത്തനങ്ങളിലേർപ്പെടുന്നവരെയും പിടികിട്ടാപുള്ളികളായിട്ടുള്ളവരെയും പിടികൂടുന്നതിനായി പ്രത്യേക ശ്രദ്ധ നൽകുന്നതോടൊപ്പം ഇവരെ പിടികൂടുന്നതിനുള്ള കാലതാമസം ഒഴിവാക്കും.സിറ്റിയിലെ എല്ലാ പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരും, ട്രാഫിക് പോലീസുദ്യോഗസ്ഥരും, സിറ്റി പോലീസ് കണ്ട്രോൾ റൂം, ഷാഡോ പോലീസ്, സ്പെഷൽ ബ്രാഞ്ച്, തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തിയുള്ള സംയുക്ത ഓപ്പറേഷനായിരിക്കും വരുന്ന പത്ത് ദിവസങ്ങളിൽ നടപ്പാക്കുകയെന്ന് സിറ്റി പോലീസ് കമ്മീഷണർ എസ്.സുരേന്ദ്രൻ അറിയിച്ചു.
പോലീസിന്റെ ഇടപെടൽ ആവശ്യമായി വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് പരാതികളും നിർദേശങ്ങളും, ഓണ്ലൈൻ ആയി അറിയിക്കാവുന്നതാണെന്നും കമ്മീഷണർ അറിയിച്ചു.