കൂത്തുപറമ്പ്: കൂത്തുപറമ്പിനടുത്ത് കിണവക്കൽ കമ്പിത്തൂണിൽ സ്വകാര്യ വ്യക്തി നടത്തുന്ന മതപഠനശാലയിൽ ഉസ്താദിന്റെ ക്രൂരമർദനത്തിന് 23 കാരൻ ഇരയായ കേസ് വിഴിഞ്ഞം പോലീസ് ഇന്ന് കൂത്തുപറമ്പ് പോലീസിന് കൈമാറിയേക്കും. മതപപഠനശാലയിലെ വിദ്യാർഥി തിരുവനന്തപുരം വിഴിഞ്ഞം ടൗൺഷിപ്പ് കോളനിയിലെ അജ്മൽ ഖാൻ ആണ് മലപ്പുറം തിരൂർ സ്വദേശി ഉസ്താദ് ഉമൈർ അഷറഫിയുടെ ക്രൂരമർദനത്തിന് ഇരയായത്.
കമ്പിത്തൂണിലെ ഇഷ അതുൽ ഉലു ദർസിൽ ഈ മാസം ആറിനാണ് സംഭവം. ഉമൈർ അഷറഫി നല്ലവണ്ണം മതപഠനം നടത്തുന്നില്ലെന്ന് പുറത്തുള്ളവരോടു പറഞ്ഞ വിരോധത്തിൽ അജ്മൽ ഖാനെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിക്കുകയും ചൂരൽ വടി കൊണ്ട് മുതുകിൽ അടിച്ച് മുറിവേൽപ്പിക്കുകയും കണ്ണിൽ മുളക് ഉടച്ച് തേക്കുകയും ചെയ്തുവെന്നാണ് ഉസ്താതാദിനെതിരേയുള്ള കേസ്.
അമീർ ഖാൻ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. പരാതിയിൽ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. സംഭവ സ്ഥലം കൂത്തുപറമ്പ് സ്റ്റേഷൻ പരിധിയിലായതിനാലാണ് കേസ് കൂത്തുപറമ്പ് സ്റ്റേഷനിലേക്ക് കൈമാറുന്നത്. അതേ സമയം, വിദ്യാർഥിക്ക് മർദനമേറ്റ സ്ഥാപനവുമായി കിണവക്കൽ മുസ്ലിം ജമാഅത്തിനോ ഇതിന് കീഴിലുള്ള സ്ഥാപനങ്ങൾക്കോ യാതൊരുവിധ ബന്ധവുമില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.