കോട്ടയം: കുപ്രസിദ്ധ ഗുണ്ടയുമായുള്ള ബന്ധത്തിന്റെ പേരിൽ ചങ്ങനാശേരി ഡിവൈഎസ്പി ആർ. ശ്രീകുമാറിനെ പാലാക്കാട് ഡിസിആർബിയിലേക്ക് സ്ഥലം മാറ്റിയതിനു പിന്നാലെ ജില്ലയിലെ കൂടുതൽ പോലീസുകാർ കുടുങ്ങിയേക്കും.
ചില പോലീസുകാരുടെ സ്വകാര്യ ഫോണിൽനിന്നു ലഭിച്ച വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് സേനയ്ക്കുള്ളിൽ കൂടുതൽ പേർക്ക് ഗുണ്ടകളുമായി ബന്ധമുണ്ടെന്നു കാര്യം പുറത്തുവന്നത്.
ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക് ശക്തമായ നിലപാടെടുത്തതോടെയാണ് പാലക്കാട് ഡിസിആർബിയിലെ അപ്രധാന വിഭാഗത്തിലേക്ക് ശ്രീകുമാറിനെ സ്ഥലംമാറ്റിയത്.
എസ്എച്ച്ഒ മുതൽ വിവിധ പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നത്.
ഗുണ്ടയുടെ വാഹനം ഉപയോഗിച്ചവർക്കെതരിയെും അവരുടെ സൽക്കാരം കൈപ്പറ്റിയവർക്കെതിരെയും നടപടിയുണ്ടായേക്കും. ചില പോലീസുകാർക്ക് മണ്ണ്, ബ്ലേഡ്, പാറമട മാഫിയകളുമായി ബന്ധമുണ്ടെന്നു കണ്ടെത്തിയിട്ടുണ്ട്.
ദിവസവും പതിനായിരത്തിന് മുകളിൽ മണ്ണ് മാഫിയകളിൽനിന്നു കൈപ്പറ്റുന്ന പോലീസുകാരുമുണ്ട് ജില്ലയിൽ. കറുകച്ചാൽ പോലീസ് ആറു മാസം മുന്പ് മാന്തുരുത്തിയിലെ ബ്ലേഡുകാരന്റെ വീട്ടിൽ ഒൗദ്യോഗിക വാഹനത്തിലെത്തി മുന്തിയ മദ്യം അടക്കമുള്ള സൽക്കാരം സ്വീകരിച്ച പോലീസുകാരെപ്പറ്റിയുള്ള വിവരം സ്റ്റേഷൻ സ്പെഷൽ ബ്രാഞ്ച് ഒതുക്കിയെങ്കിലും വിവരം പുറത്തായിരുന്നു.
ക്രിമിനൽ ബന്ധുമുള്ള പോലീസുകാർക്കെതിരെ കർശന നിലപാടിലാണ് ജില്ലാ പോലീസ് ചീഫ് കെ. കാർത്തിക്.