സ്വന്തം ലേഖകന്‍
കോഴിക്കോട്: പോലീസിന്റെ ബൂട്ടിട്ട് ചവിട്ടല്‍ വിവാദം വീണ്ടും കത്തിപ്പടരുന്നു. സില്‍വര്‍ ലൈന്‍ സമരത്തില്‍ പങ്കെടുത്ത ആളെ ബൂട്ടിട്ട് ചവിട്ടിയ പോലീസ് ഉദ്യോഗസ്ഥന്റെ നടപടി ആഭ്യന്തരവകുപ്പിന് ആകെ നാണക്കേടായി.
പോലീസ് ഉദ്യോഗസ്ഥന്റെ ചിത്രം സോഷ്യല്‍ മീഡിയ വഴി വലിയ രീതിയിലാണ് പ്രചരിക്കുന്നത്.ഇതോടെ പ്രതിഷേധം കൂടുതല്‍ കനക്കുകയാണ്.
തുടര്‍ ദിവസങ്ങളില്‍ പോലീസ് നടപടി ചൂണ്ടിക്കാടിച്ച് ശക്തമായ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനാന് കോണ്‍ഗ്രസിന്റെ തീരുമാനം. ബിജെപിയും വിഷയം ഏറ്റുപിടിച്ചുകഴിഞ്ഞു.
കേസെടുക്കാനാകുമെന്ന്
രാഷ്ട്രീയ കൊലപാതകങ്ങള്‍ മൂലം പ്രതികൂട്ടിലായ ആഭ്യന്തരവകുപ്പിന് വലിയ ക്ഷീണമുണ്ടാക്കി യിരിക്കുകയാണ് ഇന്നലെ നടന്ന സില്‍വര്‍ ലൈന്‍ വിരുദ്ധസമരവുമായി ബന്ധപ്പെട്ട പോലീസ് ഇടപെടല്‍.
നിരായുധരായ സമരക്കാരെ ബൂട്ടിട്ട് തൊഴിക്കുന്നത് മനുഷ്യത്വരഹിതവും അധികാര ദുര്‍വിനിയോഗവുമാണെന്നും തിരുവനന്തപുരം കാരിച്ചാറയില്‍ സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരനെ ബൂട്ടിട്ട് ചവിട്ടിയ പൊലീസുകാരനെതിരെ ഐപിസി 323, 341 (കൈയ്യേറ്റം ചെയ്യുക, ക്ഷതമേല്‍പ്പിക്കുക) വകുപ്പുകള്‍ ചുമത്തി കേസെടുക്കാനാവുമെന്നും നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
താഴേ തട്ടിലേക്ക് എത്താതെ…
ബൂട്ടിട്ട് ചവിട്ടരുതെന്ന ഡിജിപിയുടെ നിര്‍ദേശവും താഴേതട്ടിലുള്ള ഉദ്യോഗസ്ഥരിലേക്ക് എത്തിയിട്ടില്ല. ഇത്തരം സംഭവങ്ങള്‍ അരങ്ങേറുമ്പോഴാകട്ടെ അത് മൊത്തം പോലീസ് സേനയ്ക്ക് മാനക്കേടുണ്ടാക്കുകയും ചെയ്യുന്നു.
പോലീസുകാരന്റെ പ്രവൃത്തി ചിത്രസഹിതം പ്രചരിച്ചതിനാല്‍ ഇനി ആഭ്യന്തരവകുപ്പിന് എന്താണ് പറയാനുള്ളതെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് ഇന്നലെ ചോദിച്ചത്.
സമരക്കാരോട് എങ്ങിനെ പെരു മാറണമെന്ന നിര്‍ദേശവും ക്ലാസും നല്‍കിയിട്ടും വീണ്ടും പോലീസ് സേന വിവാദത്തില്‍പെടുന്നത് മുഖ്യമന്ത്രിയെയും അലോസരപ്പെടുത്തുന്നുണ്ട്.