സ്വന്തം ലേഖകന്‍
കോഴിക്കോട് : സന്ധ്യമയങ്ങിയാല്‍ പോലീസ് സ്റ്റേഷനില്‍ “ഫിറ്റാകുന്ന’ ഏമാന്മാരെ പൊക്കാന്‍ നിര്‍ദേശം. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയാണ് പോലീസുകാര്‍ മദ്യപിച്ച് ഡ്യൂട്ടി ചെയ്യുന്നുണ്ടെന്ന “കുറ്റസമ്മത’വുമായി രംഗത്തെത്തിയത്.
ജില്ലാ പോലീസ് മേധാവിയുടെ പേരില്‍ ബുധനാഴ്ച പുറത്തിറങ്ങിയ സര്‍ക്കുലര്‍ ഇതിനകം സേനയില്‍ വൈറലാവുകയും ചെയ്തു.
പത്തനംതിട്ടയിലെ ജില്ലയിലെ എല്ലാ ഡിവൈഎസ്പിമാരും എസ്എച്ച്ഒമാര്‍ക്കുമാണ് പോലീസ് മേധാവി സര്‍ക്കുലര്‍ അയച്ചത്. എന്നാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സര്‍ക്കുലര്‍ “പാട്ടായി മാറി’.
‘ജില്ലയിലെ പല സ്റ്റേഷനുകളിലും ജോലി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥര്‍ മദ്യപിച്ച് ജോലി ചെയ്യുന്നതായി ശ്രദ്ധയിപെട്ടിട്ടുള്ളതാണ്.
രാത്രികാലങ്ങളില്‍ ചില പോലീസ് സ്റ്റേഷനുകളില്‍ ജിഡി ചാര്‍ജ് ഉള്‍പ്പെടെയുള്ളവര്‍ മദ്യപിച്ച നിലയില്‍ കാണപ്പെടുന്നുണ്ട്. സന്ധ്യാസമയത്തിന് ശേഷം മദ്യപാന ശീലം കൂടിവരുന്നതായും അറിയുന്നു.
രാത്രി സമയങ്ങളില്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ നാവുകുഴഞ്ഞ രീതിയിലുള്ള സംസാരം ഇത്തരം സംശയം ബലപ്പെടുത്തുന്നു.
പൊതുജനങ്ങളും ജനപ്രതിനിധികളും ഏത് സമയവും ബന്ധപ്പെടുന്ന പോലീസ് സ്റ്റേഷനുകളില്‍ ഉണ്ടാകുന്ന ഇത്തരം പ്രവണതകള്‍ പോലീസ് സേനയ്ക്ക് അവമതിപ്പ് ഉണ്ടാക്കുന്നതിനും സമൂഹമധ്യത്തില്‍ ചര്‍ച്ചയാക്കുന്നതിനും ഇടവരുത്തും.
ദിവസേന നൈറ്റ് ഡ്യൂട്ടിക്കായി ജില്ലയില്‍ നിയോഗിക്കപ്പെട്ടിട്ടുള്ള ഹണ്ടര്‍ ഡ്യൂട്ടിയിലുള്ള ഇന്സപ്കടര്മാരും ഓസ്കാര്‍ ഡ്യൂട്ടിയിലുള്ള ഡെപ്യൂട്ടി സൂപ്രണ്ടും സ്റ്റേഷനുകളില്‍ എത്തി പോലീസ് ഉദ്യോഗസ്ഥര്‍ ശരിയാംവണ്ണം ജോലി ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും ആരെങ്കിലും മദ്യപിച്ചിട്ടുള്ളതായി ബോധ്യപ്പെട്ടാല്‍ മെഡിക്കല്‍ പരിശോധന നടത്തി റിപ്പോര്‍ട്ട് ഹാജരാക്കേണ്ടതുമാണ്’ എന്നാണ് സര്‍ക്കുലറിലുള്ളത്.