പാലക്കാട്: കല്ലേക്കാട് എആർ ക്യാന്പിലെ പോലീസുകാരനായ കുമാറിന്റെ മരണത്തിൽ മുൻ ഡെപ്യൂട്ടി കമൻഡാന്റ് എസ്. സുരേന്ദ്രനെ അറസ്റ്റ് ചെയ്തു. ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തിയാണ് അറസ്റ്റ് ചെയ്തത്. ക്യാന്പിലെ ഡെപ്യൂട്ടി കമൻഡാന്റ് ആയിരുന്ന സുരേന്ദ്രൻ ജൂലൈ 31നു വിരമിച്ചിരുന്നു.
അന്വേഷണത്തിനു വേഗം പോരെന്ന പരാതിയുമായി കുമാറിന്റെ ഭാര്യയും ബന്ധുക്കളും ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിയതിനു പിറകെ ഉച്ചയ്ക്കു 12ഒാടെ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചുവരുത്തുകയും ഒന്നരയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കുമാറിന്റെ ആത്മഹത്യാക്കുറിപ്പിലെയും ഭാര്യയുടെ പരാതിയിലെയും ആരോപണങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ്. നേരത്തെ ഈ സംഭവവുമായി രണ്ട് എസ്ഐമാരടക്കം ഏഴു പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിരുന്നു.
അറസ്റ്റിൽ തൃപ്തിയെന്നു കുമാറിന്റെ ഭാര്യ സജിനി പ്രതികരിച്ചു. കുമാറിന്റെ മരണത്തിന് ഉത്തരവാദികളായ മുഴുവൻ പോലീസുകാരെയും അറസ്റ്റ് ചെയ്യണമെന്നും സജിനി ആവശ്യപ്പെട്ടു. രണ്ടു മാസം മുന്പാണ് എആർ ക്യാന്പിലെ പോലീസ് ഉദ്യോഗസ്ഥനായ കുമാർ ആത്മഹത്യ ചെയ്തത്. ഒറ്റപ്പാലത്തിനടുത്തു ലക്കിടിയിൽ റെയിൽവേ ട്രാക്കിൽ കുമാറിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഭാര്യയും കുമാറിന്റെ സഹോദരനും പോലീസിലെ ഉന്നതർക്കെതിരേ ആരോപണമുന്നയിച്ചതോടെ കേസന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പിയെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ആരോപണവിധേയരായ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. സുരേന്ദ്രനെ സെപ്റ്റംബർ മൂന്നുവരെ റിമാൻഡ് ചെയ്തു.