കോഴിക്കോട്: ഏറെ വിവാദമായ സുന്ദരിയമ്മ വധക്കേസിൽ കോടതി വെറുതെ വിട്ട പ്രതിയെ പോക്സോ കേസിലും വെറുതെ വിട്ടതോടെ പോലീസിനേറ്റത് സമാനതകളില്ലാത്ത തിരിച്ചടി. വിരോധം തീര്‍ക്കാന്‍ പോലീസ് രണ്ടുതവണയും കള്ളക്കേസെടുത്തുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കല്ലായി നാല്‍പ്പാലം നെടുംപുരക്കല്‍ ജയേഷാണ്(38) രണ്ടുതവണയും പോലീസ് കേസില്‍നിന്നു തടിയൂരിയത്.
വട്ടക്കിണറിനുസമീപം ഒറ്റയ്ക്ക് താമസിച്ചിരുന്ന സുന്ദരിയമ്മയെന്ന വയോധികയെ 2012 ജൂലൈ 21ന് രാത്രി വീട്ടില്‍ക്കയറി വെട്ടിക്കൊന്നുവെന്ന കേസില്‍ ജയേഷിനെ 2014ല്‍ പ്രത്യേക അഡീഷണല്‍ സെഷന്‍സ് ജഡ്ജി എസ്. കൃഷ്ണകുമാര്‍ വെറുതേവിട്ടിരുന്നു. ആരാണ് കൊലചെയ്തതെന്ന് വ്യക്തമാവാത്ത കേസില്‍, ജയേഷിനെ പ്രതിയാക്കിയെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.
കേസന്വേഷിച്ച ക്രൈംബ്രാഞ്ച് സിഐ ഇ.പി. പൃഥ്വിരാജില്‍നിന്ന് ഒരു ലക്ഷം രൂപ ഈടാക്കി ജയേഷിന് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. അനാഥനായ യുവാവിനെ കൊലക്കേസില്‍ കുടുക്കിയതുമായി ബന്ധപ്പെട്ട് ‘കുപ്രസിദ്ധ പയ്യന്’ എന്ന സിനിമ ഈസംഭവത്തിന്റെ പശ്ചാത്തലത്തില്‍ പുറത്തിറങ്ങിയതും പോലീസിന് തിരിച്ചടിയായി.
ഇതിനുശേഷം ജയേഷിനെ 2022 സെപ്റ്റംബറില്‍ നടന്ന സംഭവവുമായി ബന്ധപ്പെട്ട് പോക്സോ കേസില്‍ പ്രതിചേര്‍ത്തു. 2022 സെപ്റ്റംബർ 23 മുതൽ റിമാൻഡിൽ കഴിയുന്ന ഇയാളെ മതിയായ തെളിവുകളില്ലെന്ന് കണ്ടാണ് വിട്ടയച്ചത്. നഗരപരിധിയിലെ സ്കൂള്‍ കോമ്പൗണ്ടിനകത്ത് വിദ്യാര്‍ഥിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട് വെള്ളയില്‍ പോലീസാണ് കേസെടുത്തത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. എന്നാല്‍, ഇതുപ്രകാരം പ്രതിയാണെന്ന് തെളിയിക്കാന്‍ പോലീസിനായില്ല. വിരോധം തീര്‍ക്കാന്‍ പോലീസ് കള്ളക്കേസ് എടുത്തുവെന്ന വാദം ഇന്നലെ കോടതി അംഗീകരിച്ചു. ഇതോടെ ഒരേ പ്രതിക്ക് മുന്നില്‍ രണ്ടുകേസും തോറ്റ അപൂര്‍വ നാണക്കേടും പോലീസിനെ തേടിയെത്തി.