കുറവിലങ്ങാട്: മോഷ്ടിച്ച കാർ അപകടത്തിൽപ്പെട്ടിട്ടും അപകടത്തിനും മോഷണത്തിനും പോലീസ് കേസെടുത്തില്ല. കുറവിലങ്ങാട്, പാലാ സ്റ്റേഷൻ പരിധിയിൽ നടന്ന സംഭവങ്ങളിലാണ് കേസെടുക്കാൻ പോലും കൂട്ടാക്കാത്ത പോലീസ് നടപടി. മോഷണം പോയ വാഹനം ഒരു നടപടികളുമില്ലാതെ ഉടമയ്ക്ക് തിരികെ നൽകുകയും ചെയ്തു. അപകടത്തിൽ പരാതിയില്ലാത്തതിനാൽ കേസില്ലെന്ന് പാലാ പോലീസും വാഹനം പഴയതായതിനാൽ കേസില്ലെന്ന് കുറവിലങ്ങാട് പോലീസും പറയുന്നു.
മോഷ്ടിച്ചകാറുമായി കറങ്ങവേ അപകടത്തിൽപ്പെട്ടതോടെ കാർ വഴിയിൽ ഉപേക്ഷിച്ച് മോഷണസംഘം കടന്നുകളയുകയായിരുന്നു. ഈ കാർ കണ്ടെടുത്ത് പോലീസ് ഉടമയ്ക്ക് നൽകി. കുറവിലങ്ങാട്ട് മുട്ടുങ്കൽ ഭാഗത്ത് എം.സി റോഡിൽ പാർക്ക് ചെയ്ത കാറാണ് മോഷണം പോയത്. കാറുമായി യുവാക്കളുടെ സംഘമാണ് കടന്നതെന്ന് സൂചനകൾ ലഭിച്ചെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല.
ഉടമ വാക്കാട് സ്വദേശി ചെന്പനാംതടത്തിൽ സെബാസ്റ്റ്യൻ പോലീസിൽ പരാതി നൽകുകയും ചെയ്തു. ശനിയാഴ്ച രാത്രിയിൽ പാലാ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട വള്ളിച്ചറിയിൽ ഓട്ടോറിക്ഷയിലിടിച്ചാണ് കാർ അപകടത്തിൽപ്പെട്ടത്. അപകടത്തിൽപ്പെട്ട കാർ ഉപേക്ഷിച്ച് കാറിലുണ്ടായിരുന്നവർ രക്ഷപ്പെട്ടു. അപകടം സംബന്ധിച്ച് പരാതിയില്ലാതിരുന്നതിനാൽ കേസെടുത്തില്ലെന്നാണ് പാലാ പോലീസ് പറയുന്നത്.
മോഷ്ടിക്കപ്പെട്ട വാഹനമാണെന്നറിഞ്ഞിട്ടും നടപടിയുണ്ടായില്ലെന്നതാണ് സ്ഥിതി. മോഷ്ടിക്കപ്പെട്ട കാർ അപകടത്തിൽപ്പെട്ടതായി വിവരം ലഭിച്ചെങ്കിലും തുടർനടപടികൾക്ക് കുറവിലങ്ങാട് പോലീസും തയ്യാറായില്ല. മോഷ്ടിച്ച വാഹനം ഉപയോഗിച്ച് മറ്റേതെങ്കിലും നിയമവിരുദ്ധ പ്രവർത്തനം നടത്തിയോ എന്നുപോലും അന്വേഷിക്കാൻ പോലീസ് തയ്യാറാകാത്തത് ആക്ഷേപത്തിന് ഇടനൽകിയിട്ടുണ്ട്.