കുറവിലങ്ങാട്: അപകട സ്ഥലത്തെത്തിയ പോലീസ് വാഹനത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കണമെന്ന ആവശ്യത്തോട് വിമുഖത പുലർത്തിയ സംഭവത്തിൽ ഉന്നതല അന്വേഷണത്തിന് നീക്കം. ഞായറാഴ്ച എം.സി റോഡിൽ ഒരു ജീവൻ പൊലിഞ്ഞ വാഹനാപകടത്തിലാണ് പോലീസിന്റെ നിലപാട് പ്രതിഷേധത്തിന് ഇടയാക്കിയത്.
ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് എം.സി റോഡിൽ വെന്പള്ളി തെക്കേക്കവലയിൽ ഒരാളുടെ മരണത്തിനിടയാക്കിയ അപകടം നടന്നത്. അപകടത്തിൽ പരിക്കേറ്റ കളത്തൂർ മണപ്പുറം ജോക്കുട്ടി ഫിലിപ്പിനെ നാട്ടുകാർ ഓട്ടോറിക്ഷയിൽ ആശുപത്രയിലേക്കയച്ചു. ഗുരുതരമായി പരിക്കേറ്റ റോണിയെ ആശുപത്രിയിലാക്കാനുള്ള ശ്രമത്തിനിടയിലാണ് പോലീസ് ജീപ്പ് ആതുവഴിയെത്തിയത്.
പോലീസ് ജീപ്പിൽ റോണിയെ കയറ്റാൻ ശ്രമം നടത്തിയെങ്കിലും സർവീസിൽ നിന്ന് വിരമിച്ച പോലീസ് ഉദ്യോഗസ്ഥനുമായുള്ള യാത്രയാണെന്നും പരിക്കേറ്റയാളെ കയറ്റാനാവില്ലെന്നും പോലീസ് നിലപാടെടുത്തതായി നാട്ടുകാർ പറയുന്നു. തർക്കത്തിനൊടുവിൽ നാട്ടുകാർ ചേർന്ന് റോണിയെ പോലീസ് ജീപ്പിൽ പ്രവേശിപ്പിക്കുകയായിരുന്നു. പോലീസ് ഉദ്യോഗസ്ഥരെയും കയറ്റിയാണ് ജീപ്പ് പുറപ്പെട്ടത്.
തൃശൂർ ക്യാന്പിൽ നിന്ന് കറുകച്ചാലിലേക്ക് പോകുകയായിരുന്നു പോലീസ് ജീപ്പെന്നാണറിയുന്നത്.പോലീസിന്റെ ഒൗദ്യോഗിക വാഹനത്തിന്റെ സേവനം തേടിയിട്ടും ആദ്യം ലഭിക്കാതെ വന്നതിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവം ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും അന്വേഷണവിധേയമാക്കാമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.