കുവൈറ്റ് സിറ്റി: തടവുകാരനെ രക്ഷപ്പെടാൻ സഹായിച്ച ജഹ്റയിലെ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് മൂന്നു വർഷം കഠിന തടവ്. കുവൈറ്റിലെ ക്രിമിനൽ കോടതിയുടേതാണു വിധി.
രേഖകൾ തിരുത്തിയതിനും ഔദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയതിനും പ്രോസിക്യൂട്ടർമാർ ഉദ്യോഗസ്ഥർക്കെതിരേ കുറ്റം ചുമത്തി. ഉദ്യോഗസ്ഥരുടെ നടപടി പൊതുവിശ്വാസത്തിന്റെ ഗുരുതരമായ ലംഘനമാണെന്ന് കോടതി നിരീക്ഷിച്ചു.
മേലുദ്യോഗസ്ഥരുടെ നിയമവിരുദ്ധമായ ഉത്തരവുകൾ അനുസരിക്കാൻ ഒരു കീഴുദ്യോഗസ്ഥനും ബാധ്യസ്ഥനല്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി. നിയമവാഴ്ചയ്ക്കും പൊതുസേവനത്തിന്റെ സത്യസന്ധതയ്ക്കും ഭീഷണിയുയർത്തുന്ന പ്രവണതകൾ തടയാൻ കടുത്ത ശിക്ഷകൾ അനിവാര്യമാണെന്നും കോടതി വ്യക്തമാക്കി.