തിരുവനന്തപുരം: ചാലയിൽ പോലീസുകാരനുനേരേ ആക്രമണം. ഫോർട്ട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിജുതോമസിനാണ് മർദനമേറ്റത്. ലഹരിമാഫിയ സംഘമാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
ഇന്നലെ രാത്രി പത്തു മണിയോടെ ചാല മരക്കട റോഡിന് സമീപമായിരുന്നു സംഭവം. ബൈക്കിൽ സഞ്ചരിച്ച പോലീസുകാരന്റെ കാലിൽ അക്രമിസംഘം സഞ്ചരിച്ച ഓട്ടോറിക്ഷയിടിച്ചു.
ഇതേച്ചൊല്ലി വാക്കേറ്റം ഉണ്ടാകുകയും പിന്നീട് ഇവർ മടങ്ങിപ്പോവുകയും ചെയ്തു. കുറച്ച് സമയത്തിനുശേഷം സിജുതോമസ് സഞ്ചരിച്ചിരുന്ന ബൈക്കിനെ പിന്തുടർന്ന് ഓട്ടോറിക്ഷയിലും മറ്റ് വാഹനത്തിലുമെത്തിയ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡ്യൂട്ടിക്കായി പോകുന്ന സമയത്താണ് സിജുവിനെ മര്‍ദിച്ചത്.
സംഭവ സമയം സിജു സിവില്‍ ഡ്രസിലായിരുന്നു. അക്രമി സംഘം ഹെല്‍മെറ്റ് കൊണ്ട് സിജുവിന്റെ മുഖത്തടിച്ചു. ഫോർട്ട് പോലീസ് സ്റ്റേഷനിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ അക്രമികൾ രക്ഷപ്പെട്ടു. മർദനത്തിൽ പരിക്കേറ്റ സിജു തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അക്രമികളെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടൻ പിടികൂടുമെന്നും പോലീസ് പറഞ്ഞു. ലഹരിമാഫിയ സംഘത്തിൽപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.