പത്തനാപുരം: കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് മര്‍ദിച്ചത് എം എല്‍ എയുടെ അറിവോടെയെന്ന് കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി.
താലൂക്കാശുപത്രി വികസനം യാഥാര്‍ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ഗണേഷ്കുമാര് എംഎല്‍എയുടെ വസതിയിലേക്ക് നടന്ന മാര്‍ച്ചില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കവെയാണ് കൊടിക്കുന്നില്‍ സുരേഷ് എം പി ഈ ആരോപണം ഉന്നയിച്ചത്.
സമാധാനപരമായി, യാതൊരു പ്രകോപനവുമില്ലാതെയാണ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്. സമരക്കാരോട് പിരിഞ്ഞുപോകാന്‍ പോലും ആവശ്യപ്പെടാതെ, സി ഐയുടെയും എസ് ഐയുടെയും സാന്നിധ്യത്തില്‍ പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു.
ഇവരെ മര്‍ദിക്കാന്‍ എംഎല്‍എ ഓഫീസില്‍ നിന്നുമാണ് നിര്‍ദേശം നല്‍കിയത്. താലൂക്കാശുപത്രിയ്ക്ക് വേണ്ടിയുള്ള സമരം കോണ്‍ഗ്രസ് ഏറ്റെടുക്കുകയാണ്. എംഎല്‍എയും, സി പി എമ്മും തമ്മിലുള്ള കിടമത്സരമാണ് താലുക്കാശുപത്രി വികസനത്തിന് തടയിടുന്നത്.
പണം അനുവദിച്ചിട്ടും ആശുപത്രി വികസനം ബോര്‍ഡില്‍ മാത്രമൊതുക്കി പൊതുജനങ്ങളെ വിഡ്ഡികളാക്കുകയാണ് ഭരണകക്ഷി ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരെ മര്‍ദിച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഡിജിപിയോട് കൊടിക്കുന്നില്‍ ഫോണില്‍ ആവശ്യപ്പെട്ടു.
കെ പി സി സി ജനറല്‍ സെക്രട്ടറി പഴകുളം മധു, കെ പി സി സി നിര്‍വാഹക സമിതിയംഗം സി ആര് നജീബ്, കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി ബെന്നി കക്കാട്, മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റിയംഗം അനസ് ഹസന്, കുന്നിക്കോട് ഷാജഹാന്, ഷിബു പള്ളിത്തോപ്പില്‍, ഷേക് പരീത് എന്നിവരും എം പിക്കൊപ്പം ആശുപത്രിയിലെത്തി. ഡി സി സി പ്രസിഡന്റ് ബിന്ദു കൃഷ്ണയും പിന്നീട് ആശുപ്രതിയില്‍ പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു.