നവാസ് മേത്തര്‍
തലശേരി: പോലീസ് സേനയില്‍ പിടിമുറുക്കിയ ഉത്തരേന്ത്യന്‍ ലോബി സേനയിലെ തങ്ങളുടേതല്ലാത്ത പല പ്രമോഷനുകളും അട്ടിമറിക്കുന്നതായി ആരോപണം ഉയരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സീനിയര്‍ ഡിവൈഎസ്പിമാര്‍ക്ക് പ്രമോഷന് ലഭിക്കാത്തതിനു പിന്നിലും ഈ നീക്കമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
അഞ്ച് കമാൻഡന്റ്മാരുള്പ്പെടെ 45 എസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ ഒഴിവുകള്‍ നിലവിലുള്ളപ്പോഴാണ് പന്ത്രണ്ട് വര്‍ഷം സര്‍വീസ് പൂര്‍ത്തിയാക്കിയ സീനിയര്‍ ഡിവൈസ്പിമാരെ എസ്പിമാരായി പ്രമോട്ട് ചെയ്യാതെ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്.
2015 ലെ കേന്ദ്ര ഉത്തരവ് പ്രകാരം 170 ഡയറക്ട് ഐപിഎസുമാര്ക്കും കൃത്യമായ പോസ്റ്റിംഗ് നല്‍കിയിട്ടുള്ള സര്‍ക്കാര്‍ 50 പ്രൊമോട്ടഡ് എസ്പിമാരെയാണ് കേന്ദ്ര നിയമ പ്രകാരം തന്നെ വിവിധ തസ്തികകളില്‍ നിയമിക്കേണ്ടത്.
ഇതിലാണ് 45 തസ്തികകളും ഒഴിഞ്ഞു കിടക്കുന്നത്. സര്‍ക്കാരിന്റെ ഈ നീക്കത്തിനു പിന്നില്‍ ഐപിഎസ് ഉദ്യോഗസ്ഥരിലെ ഉത്തരേന്ത്യന്‍ ലോബിയാണെന്നാണ് പ്രമോഷന് ലഭിക്കാതെ വിരമിക്കേണ്ടി വന്ന ഡിവൈഎസ്പിമാര്‍ പറയുന്നത്.
വിജിലന്‍സും ക്രൈംബ്രാഞ്ചുമുള്പ്പെടെയുള്ള വിഭാഗങ്ങളുടെ തലപ്പത്ത് ഡയറക്ട് ഐപിഎ സുകാര് അധിക ചുമതല വഹിച്ചു വരുകയും ചെയ്യുന്നത് ഈ ആരോപണത്തിന് ആക്കം കൂട്ടുന്നു. എസ്പി മാരായി സര്‍വീസില്‍ നിന്നും വിരമിക്കേണ്ട സീനിയര്‍ ഡിവൈഎസ്പിമാര്‍ ഇപ്പോള്‍ വിരമിക്കുന്നത് ഡിവൈഎസ്പി മാരായി തന്നെ.
എസ്ഐക്കും സിഐക്കും പ്രമോഷന് ലഭിക്കുമ്പോഴാണ് ഡിവൈഎസ്പിമാരുടെ പ്രമോഷന് മാത്രം ആസൂത്രിതമായി തടസങ്ങള്‍ സൃഷ്ടിക്കപ്പെടുന്നത്. മാത്രവുമല്ല ഡിവൈഎസ്പിമാര്‍ വിരമിക്കുമ്പോള്‍ അതിനനുസരിച്ച് സിഐമാര്‍ ഡിവൈഎസ്പി മാരാകുകയും എസ്ഐമാര്‍ സിഐ മാരാകുകയും ചെയ്യുന്നുണ്ട്.
ഈ സാഹചര്യത്തില്‍ ഒഴിവു വരുന്ന എസ്ഐമാരുടെ തസ്തികകളും പിഎസ്സിയില് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ലെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
സീനിയര്‍ ഡിവൈഎസ്പിമാരെ എസ്പിമാരാക്കാനും അവര്‍ക്ക് ഐപിഎസ് ലഭിക്കാനുമുള്ള ശിപാര്‍ശ കേന്ദ്രത്തിലേക്കയക്കാൻ നിരവധി തവണ സംഘടനാ തലത്തില്‍ ആവശ്യപ്പെട്ടിട്ടും ഉന്നത ഉദ്യോഗസ്ഥര്‍ കേട്ട ഭാവം പോലും നടിച്ചില്ലെന്ന് വിരമിച്ച സീനിയര്‍ ഡിവൈഎസ്പി രാഷ്ട്രദീപികയോട് പറഞ്ഞു.
തങ്ങളുടെ പ്രമോഷന് അട്ടിമറിച്ചത് സുപ്രീം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടു വരാന്‍ വിരമിച്ച പോലീസ് ഉദ്യോഗസ്ഥര്‍ നീക്കം ആരംഭിച്ചു. സീനിയര്‍ ഡിവൈഎസ്പി മാരുടെ പ്രമോഷനും ഐപിഎസ് ലഭിക്കാനുള്ള ആഭ്യന്തര വകുപ്പിന്റെ ശിപാര്‍ശയ്ക്കും തടയിടാന്‍ പോലീസ് ആസ്ഥാനം കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നതായും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സീനിയര്‍ ഡിവൈഎസ്പിമാര്‍ വിരമിച്ചാല്‍ പോലും പിന്നീട് ഐപിഎസ് ലഭിക്കുക പതിവാണ്. എന്നാല്‍ നിലവില്‍ സര്‍വീസിലുള്ള സീനിയര്‍ ഡിവൈഎസ്പി മാര്‍ വിരമിച്ചാല്‍ പോലും ഐപിഎസ് ലഭിക്കാത്ത തരത്തിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ മുന്നോട്ട് പോകുന്നത്.
അറുപത് വയസു വരെയാണ് ഐപിഎസുകാരുടെ സര്‍വീസ് കാലാവധി. നിലവില്‍ സംസ്ഥാന സര്‍ക്കാര്‍ സീനിയര്‍ ഡിവൈഎസ്പിമാരെ എസ്പി മാരായി പ്രമോട്ട് ചെയ്യുകയോ ഐപിഎസിന് കേന്ദ്രത്തിലേക്ക് ശുപാര്‍ശ ചെയ്യുകയോ ചെയ്യാത്തതിനാല്‍ നിലവില്‍ വിരമിക്കുന്ന സീനിയര്‍ ഡിവൈഎസ്പിമാര്‍ ഐപിഎസ് ലഭിക്കാനുള്ള സാഹചര്യങ്ങളെല്ലാം ഇല്ലാതാകുകയാണ്.
2017 മുതല്‍ വിരമിച്ച സീനിയര്‍ ഡിവൈഎസ്പി മാരെല്ലാം ആഭ്യന്തര വകുപ്പിന്റെ ഈ കെടുകാര്യസ്ഥതക്ക് ഇരയായവരാണ്. ഡയറക്ടര്‍ ഐപിഎസുമാകരുടെ ക്ഷേമം കൃത്യമായി നോക്കുന്ന ആഭ്യന്തര വകുപ്പ് നാടിന്റെ മുക്കിലും മൂലയിലും വര്‍ഷങ്ങളോളം ജോലി ചെയ്ത് വരുന്ന പോലീസ് ഉദ്യോഗസ്ഥരെ അവഗണിക്കുന്നത് പോലീസ് സേനയില്‍ അതൃപ്തി രൂക്ഷമാക്കിയിട്ടുണ്ട്.