കോഴിക്കോട്: പരാതി പറയാന്‍ സ്റ്റേഷനില്‍ എത്തിയ വീട്ടമ്മയെ വളച്ച പോലീസുകാരന് ഒടുവില്‍ പണികിട്ടി. കുടുംബപ്രശ്നം പരിഹരിക്കാനാണ് യുവതി പോലീസ് സ്റ്റേഷനില്‍ എത്തിയത്. അതാകട്ടെ ഏറ്റവും വലിയ പ്രശ്നമായി മാറി.
കുടുംബബന്ധം തകർക്കാൻ ശ്രമിക്കുന്നുവെന്ന ഗൃഹനാഥന്റെ പരാതിയിൽ കൽപറ്റ എസ്ഐ അബ്ദുൽ സമദിനെയാണ് അച്ചടക്കലംഘനത്തിനും സ്വഭാവദൂഷ്യത്തിനും ഡിഐജി രാഹുൽ ആർ. നായർ സസ്പെൻഡ് ചെയ്തത്.
വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. അബ്ദുൽ സമദ് എടച്ചേരി എസ്ഐ ആയിരിക്കുമ്പോൾ കുടുംബ കലഹം പരിഹരിക്കാനായി സ്റ്റേഷനിലെത്തിയ യുവതിയെ പ്രലോഭിപ്പിച്ച് പല സ്ഥലങ്ങളിലും കൊണ്ടുപോയതായും ചിത്രങ്ങൾ പകർത്തി വീടുവിട്ട് ഇറങ്ങാൻ പ്രേരിപ്പിച്ചതായും ഭർത്താവ് ആരോപണം ഉന്നയിച്ചിരുന്നു.
ഇരുവരുടെയും ബന്ധം ചോദ്യം ചെയ്തതിന് ദേഹോപദ്രവം ഏൽപിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും റൂറൽ എസ്പിക്ക് പരാതി നൽകിയിരുന്നു. തുടര്‍ന്ന് ഗൃഹനാഥന് വാര്‍ത്താസമ്മേളനം നടത്തുകയും ചെയ്തു.
ഇതിനെത്തുടർന്ന് അന്വേഷണവിധേയമായി അബ്ദുൽ സമദിനെ കൽപറ്റയിലേക്ക് സ്ഥലംമാറ്റി. അതിനുശേഷവും ഭീഷണി തുടരുന്നുവെന്ന് കാട്ടി യുവതിയുടെ ഭർത്താവും മക്കളും കണ്ണൂർ റേഞ്ച് ഡിഐജിക്ക് പരാതി നൽകുകയായിരുന്നു.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ അന്വേഷണത്തെ തുടർന്നാണ് സസ്പെൻഷൻ. യുവതിയുടെ മക്കൾ ബാലാവകാശ കമ്മീഷനും പരാതി നൽകിയിരുന്നു.