നെടുമങ്ങാട് : മദ്യലഹരിയിൽ പോലീസുകാരൻ ഓടിച്ച കാർ ഓട്ടോയിൽ ഇടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.വിളപ്പിൽശാല സ്റ്റേഷനിലെ പോലീസുകാരനും പോലീസ് അസോസിയേഷൻ ജില്ലാ നേതാവുമായ രതീഷ് ഓടിച്ച കാറാണ് നിയന്ത്രണം തെറ്റി ഓട്ടോയിൽ ഇടിച്ചത്. ഞായറാഴ്ച രാത്രി 11.30 ന് ഉഴമലയ്ക്കൽ-പുളിമൂടാണ് സംഭവം.
അപകടത്തിൽ ഓട്ടോ ഡ്രൈവറുടെ കാൽ ഒടിഞ്ഞു. അപകടമുണ്ടായതിന് ശേഷം രതീഷും ആട്ടോ ഡ്രൈവറുമായി വാക്കേറ്റമായി.സംഭവം അറിഞ്ഞെത്തിയ പ്രദേശവാസികളോടും രതീഷ് മദ്യലഹരിയിൽ ബഹളം വച്ചതായി നാട്ടുകാർ പറയുന്നു.
തുടർന്ന് പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ആര്യനാട് പോലീസ് സ്ഥലത്തെത്തി ഇയാളെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേയ്ക്ക് മാറ്റി. സംഭവ സ്ഥലത്തുവച്ചും പോലീസ് സ്റ്റേഷനിൽ എത്തിയ ശേഷവും ഇയാൾ ബഹളം വയ്ക്കുകയായിരുന്നു. മദ്യപിച്ച് വാഹനം ഓടിച്ചതിന് പോലീസ് കേസെടുത്തിട്ടുണ്ട്.