തിരുവനന്തപുരം: ഗുണ്ട-മാഫിയ ബന്ധത്തിന്റെ പേരിൽ മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പോലീസുകാരെയും മാറ്റിയതിനു പിന്നാലെ കൂടുതൽ നടപടികളുണ്ടാകുമെന്ന് റൂറൽ എസ്പി ഡി.ശിൽപ.
റൂറലിലെ മാഫിയ ബന്ധമുള്ള പോലീസുകാരെ പറ്റി അന്വേഷണം തുടരുകയാണെന്നും ഇനിയും കൂടുതൽ പേർക്കെതിരെ നടപടി ഉണ്ടാകുമെന്നും എസ്പി പറഞ്ഞു.
ഇന്നലെ രാത്രിയാണ് മംഗലപുരം സ്റ്റേഷനിലെ പോലീസുകാരെ മുഴുവൻ കൂട്ടത്തോടെ മാറ്റിയത്. സ്വീപ്പർമാർ ഒഴികെയുള്ള എല്ലാവരേയും മാറ്റി.
അഞ്ച് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്യുകയും 24 പൊലീസുകാരെ സ്ഥലം മാറ്റുകയും ചെയ്തു. ഗോപകുമാര്‍, അനൂപ് കുമാര്‍, ജയന്, കുമാര്‍, സുധി കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്.
പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെൻഡ് ചെയ്തിരുന്നു.