തിരുവനന്തപുരം: ഗുണ്ടാ മാഫിയ ബന്ധമുള്ള പോലീസുകാർക്കെതിരെയുള്ള അന്വേഷണങ്ങൾ തുടരുന്നു. സ്പെഷൽ ബ്രാഞ്ചിന്റെയും വിജിലൻസ് ഇന്റലിജൻസ് വിഭാഗത്തിന്റെയും റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ആദ്യഘട്ടമായി 23 പോലീസുകാരുടെ പട്ടിക തയാറാക്കി.
ഡിവൈഎസ്പിമാർ ഉൾപ്പെടെയുള്ള 23 പോലീസുകാർക്കെതിരേ വിജിലൻസ് അന്വേഷണം നടത്തും.10 പോലീസുകാർക്കെതിരേ പ്രാഥമിക അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം ജില്ലയിലെ ഉദ്യോഗസ്ഥരാണ് പട്ടികയിൽ കൂടുതലും. വിവിധ വകുപ്പുകളിലെ അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക മൂന്ന് മാസത്തിനുള്ളിൽ തയാറാക്കാൻ വിജിലൻസ് ഡയറക്ടർ നിർദേശം നൽകിയിട്ടുണ്ട്.
മറ്റ് ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങളുടെ വിവരങ്ങൾ ശേഖരിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്. പരാതിയോ രഹസ്യ വിവരമോ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കെതിരേ വിജിലൻസ് ഇന്റലിജൻസ് വിഭാഗം വിവരങ്ങള്‍ ശേഖരിച്ച് പ്രാഥമിക റിപ്പോർട്ട് നൽകും.
തുടർന്ന് വിജിലൻസ് ഡയറക്ടറുടെ അനുമതിയോടെ ആവശ്യമെങ്കിൽ അന്വേഷണം നടത്തും. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കേസെടുക്കാൻ വിജിലൻസ് ഡയറക്ടർ പൊലീസ് ആസ്ഥാനത്ത് അനുമതി തേടും. പിന്നീട് തുടർ നടപടികൾ സ്വീകരിക്കും.
ഗുണ്ടാ ബന്ധത്തിലൂടെ സ്വത്ത് സമ്പാദിക്കൽ, മണൽ- മണ്ണ് മാഫിയ ബന്ധം, പലിശക്കാരുമായുള്ള അവിശുദ്ധ കൂട്ടുകെട്ട്, പരാതികൾ ഒത്തുതീർക്കാൻ ഇടനിലക്കാരായി പ്രവർത്തിച്ച് ധനസമ്പാദനം തുടങ്ങിയ പരാതികളാണ് പട്ടികയിലുള്ള പൊലീസുകാർക്കെതിരേയുള്ളത്.