കാട്ടാക്കട : നിരോധനാജ്ഞ നിലനിൽക്കെ മലയിൻകീഴ് ജംഗ്ഷനിൽ പോലീസ് തന്നെ ആൾക്കൂട്ടത്തെ സൃഷ്ടിച്ചതായി ആക്ഷേപം. രാവിലെ ജംഗ്ഷനിലെ നാല് റോഡിലുമായി പോലീസിന്റെ ഹെൽമെറ്റ് പരിശോധ കാരണം കോവിഡ് വാക്സിൽ എടുക്കാൻ പോയവരെയും കോവിഡ് പരിശോധനയ്ക്ക് പോയവരെയും മണിക്കൂറുകളോളമാണ് റോഡിൽ നിറുത്തിയത്.
പാപ്പനംകോട്, ഊരൂട്ടമ്പലം, കാട്ടാക്കട, തിരുവനന്തപുരം എന്നീ റോഡുകൾ സംഗമിക്കുന്ന മലയിൻകീഴ് ജംഗ്ഷനിൽ പോലീസ് പരിശോധന കർശനമാക്കിയതോടെ ഗതാഗതക്കുരുക്കുമുണ്ടായി. സാമൂഹിക അകലവും അഞ്ച് പേരിൽ കൂടുതൽ കൂടരുതെന്ന കളക്ടറുടെ ഉത്തരവും കാറ്റിൽ പറത്തിയായിരുന്നു പോലീസിന്റെ ഹെൽമെറ്റ് വേട്ട.
മാസ്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചൊന്നും പോലീസ് മിണ്ടിയതേയില്ല. നാല് ഭാഗത്തുമായി ഇന്നലെ രാവിലെ മുതൽ ഉച്ചവരെ 1250 പേരിൽ നിന്ന് 500 രൂപ വീതമാണ് പെറ്റിയിനത്തിൽ പോലീസ് ഈടാക്കിയത്. നിരോധനാജ്ഞ നിലനിൽക്കെ ഹെൽമെറ്റ് വേട്ടക്കിറങ്ങിയ പോലീസിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്.
കോവിഡ് പരിശോധനയ്ക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന ദമ്പതികളെ പിടിച്ച് നിർത്തി പെറ്റി ആവശ്യപ്പെട്ടത് വാക്ക് തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു.ഒടുവിൽ പരിചയമുള്ള സീനിയർ എസ്ഐ എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
നിരോധനാജ്ഞ ലംഘിക്കാതിരിക്കാൻ ശ്രമിക്കേണ്ട പോലീസ് കോവിഡ് മഹാമാരി പടർന്ന് പിടിക്കുന്ന ഈ ഘട്ടത്തിൽ ആൾക്കൂട്ടം സൃഷ്ടിച്ച് പരിശോധനകൾ നടത്തുന്ന തിനെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്.