കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു വീഡിയോയാണ് ഇപ്പോള്‍ കേരളം ചര്‍ച്ച ചെയ്യുന്നത്. മുഷിഞ്ഞ വസ്ത്രധാരിയായ ഒരാള്‍ക്കൊപ്പം ഭക്ഷണം പങ്കുവച്ചു കഴിക്കുന്ന പൊലീസുകാരന്റെ ദൃശ്യങ്ങളായിരുന്നു ആ വീഡിയോയിലുണ്ടായിരുന്നത്. തന്നോടൊപ്പം ഭക്ഷണം കഴിക്കുന്നയാള്‍ക്കു കഴിക്കുന്നതിനായി നീക്കിവച്ചു കൊടുക്കുന്നതും വിഡിയോയില്‍ കാണാം. തിരുവനന്തപുരം നന്ദാവനം എആര്‍ ക്യാംപിലെ സിവില്‍ പൊലീസ് ഓഫിസര്‍ എസ്.എസ്. ശ്രീജിത്താണ് സമൂഹമാധ്യമങ്ങളില്‍ താരമായത്. തിരുവനന്തപുരം ആലങ്കോട് സ്വദേശിയാണ് ശ്രീജിത്ത്.
ഹര്‍ത്താലായിരുന്ന കഴിഞ്ഞ ദിവസം പൂന്തുറപ്പള്ളിയില്‍ വച്ചാണ് സംഭവം. ഉച്ചയ്ക്ക് ഒരുമണിക്കു ശേഷമാണ് ഭക്ഷണമെത്തുന്നത്. കൈകഴുകാനും മറ്റുമുള്ള സൗകര്യത്തിനാണ് പള്ളിയില്‍ ഭക്ഷണം എത്തിച്ചത്. വരാന്തയില്‍ എല്ലാവരും സീറ്റു പിടിച്ച് ഭക്ഷണത്തിനിരുന്നു. പൊതി തുറക്കുമ്പോള്‍ മുഷിഞ്ഞ വേഷധാരിയായി മുന്നില്‍ വന്ന മധ്യവയസ്‌കന്‍ തന്റെ ഭക്ഷണപ്പൊതിയിലേയ്ക്ക് നോക്കുന്നതു കണ്ടാണ് ഭക്ഷണം കഴിച്ചോ എന്നു ചോദിക്കുന്നത്. ഇല്ല എന്നു മറുപടി. എങ്കില്‍, വരൂ നമുക്ക് കഴിക്കാമെന്നു പറഞ്ഞു. ആദ്യം അദ്ദേഹം വേണ്ടെന്നു പറഞ്ഞു. ഇത്രയും ഭക്ഷണം തനിക്ക് അധികമാണ്. ബാക്കി കളയണ്ടി വരും. എനിക്ക് കുഴപ്പമില്ല, നമുക്ക് ഒരുമിച്ചു കഴിക്കാം എന്നു പറഞ്ഞപ്പോഴാണ് അദ്ദേഹം മുന്നോട്ടു വന്നത്.
ഹര്‍ത്താലായതു കൊണ്ട് ഭക്ഷണത്തിനു പണം കൊടുത്തിട്ടു കാര്യമില്ലല്ലോയെന്ന് ശ്രീജിത്ത് പറയുന്നു. കൂടെയുണ്ടായിരുന്ന പോലീസുകാരില്‍ ആരോ ആണ് വീഡിയോ എടുത്തത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ കമ്മിഷണര്‍ ഓഫിസില്‍ നിന്നും ഡിജിപിയുടെ ഓഫിസില്‍ നിന്നുമെല്ലാം അഭിനന്ദനം അറിയിച്ച് വിളിവന്നുവെന്ന് ശ്രീജിത്ത് പറയുന്നു.
വിശന്നിരിക്കുന്ന ഒരാള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് അത്ര വലിയ കാര്യമായി തനിക്ക് തോന്നുന്നില്ല, എന്റെ ജീവിതം അങ്ങനെയായിരുന്നു. 20 വര്‍ഷം മുമ്പ് അമ്മ സുധാദേവി മരിച്ചപ്പോള്‍ അച്ഛന്‍ വേറെ കല്യാണം കഴിയ്ക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് അനാഥരായ തന്നെയും സഹോദരങ്ങളെയും മുത്തശ്ശിയാണ് വളര്‍ത്തിയതെന്നും പട്ടിണിയും ദാരിദ്ര്യവും നന്നായറിഞ്ഞിട്ടുണ്ടെന്നും ശ്രീജിത്ത് പറയുന്നു.
മറ്റുള്ളവരെ സഹായിക്കാനാണ് ഈ ജീവിതം. വേറൊരു ജോലിയും വേണ്ട, പൊലീസായാല്‍ മതിയെന്നു ചെറുപ്പത്തിലേ തീരുമാനിച്ചതാണ്. വേറെ ഒന്നിനും ശ്രമിച്ചിട്ടുമില്ല. ഏറ്റവും അധികം ജനങ്ങളെ സഹായിക്കാന്‍ കഴിയുന്നത് പൊലീസിനാണ്. വരുന്ന എസ്‌ഐ ടെസ്റ്റിനു വേണ്ടിയുള്ള ശ്രമത്തിലാണ്. അതിനുള്ള കഠിന ശ്രമവും ആത്മവിശ്വാസവുമുണ്ടെന്നും ശ്രീജിത്ത് വ്യക്തമാക്കി.