സ്വന്തം ലേഖകൻ
തൃശൂർ: സംസ്ഥാനത്തെ പോലീസുകാർ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിന് എല്ലാ ജില്ലകളിലും കൗണ്‍സലിംഗ് സെന്ററുകൾ സജ്ജമാക്കാൻ പദ്ധതി. ഇതു സംബന്ധിച്ച് ജില്ല പോലീസ് മേധാവികൾക്ക് ഡിജിപി ലോക്നാഥ് ബെഹ്റ നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് ഇപ്പോൾ പ്രവർത്തിക്കുന്ന സെന്ററിന്റെ മാതൃകയിൽ ഓരോ പോലീസ് ഹെഡ് ക്വാർട്ടേഴ്സുകളിലും ഇത്തരം സെന്റർ സജ്ജമാക്കാനാണ് നിർദ്ദേശം.
തിരുവനന്തപുരത്തെ സെന്ററിൽ രണ്ടു വർഷത്തിനിടെ രണ്ടായിരത്തിനടുത്ത് പോലീസുകാർ എത്തിയിരുന്നുവെന്നാണ് കണക്ക്. പോലീസ് ഉദ്യോഗസ്ഥരും ഡിപ്പാർട്ടുമെന്റിലെ മറ്റു ഉദ്യോഗസ്ഥരും അവരുടെ കുടുംബാംഗങ്ങളും ഈ സെന്ററിന്റെ സേവനം പ്രയോജനപ്പെടുത്തിയിരുന്നു.ഹെൽപ് ആൻഡ് അസിസ്റ്റൻസ് ടു കോന്പാറ്റ് സ്ട്രെസ് ഇൻ പോലീസ് ഓഫീസേഴ്സ് – ഹാറ്റ്സ് എന്ന പേരിൽ തിരുവനന്തപുരത്ത് സജ്ജമാക്കിയ മാനസിക സംഘർഷ ലഘൂകരണ കേന്ദ്രത്തിന്റെ മാതൃകയിൽ എല്ലാ ജില്ലകളിലും സെന്റർ ആരംഭിക്കാനാണ് തീരുമാനം.
പോലീസുകാർക്ക് ഡ്യൂട്ടിയുടെയും മറ്റും ഭാഗമായുള്ള മാനസിക സംഘർഷങ്ങൾ കുറയ്ക്കാൻ കൗണ്‍സിലർമാരുടെ സേവനവും പ്രയോജനപ്പെടുത്തുന്ന രീതിയിലായിരിക്കും പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന തരത്തിലായിരിക്കും സെന്ററുകൾ. പോലീസുകാരുടെ കുടുംബാഗംങ്ങൾക്കും ഈ സെന്ററിൽ കൗണ്‍സിലിംഗ് ലഭിക്കും. വിദഗ്ധരായ സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലറുടേയും സേവനം ലഭ്യമായിരിക്കും.
തിരുവനന്തപുരത്തെ സെന്ററിൽ നടത്തുന്ന സ്ട്രെസ് റിലാക്സേഷൻ കൗണ്‍സിലിംഗ്, പ്രോഗ്രസീവി മസിൽ റിലാക്സേഷൻ തെറാപ്പി, ന്യറോ സൈക്കോളജിക്കൽ ടെസ്റ്റിംഗ്, മെമ്മറി ടെസ്റ്റിംഗ്, ഐക്യു ടെസ്റ്റിംഗ് എന്നിവയെല്ലാം എല്ലാ സെന്ററുകളിലും ലഭ്യമാക്കാനും ആലോചിക്കുന്നുണ്ട്.
പോലീസുകാർക്കിടയിൽ മാനസിക സംഘർഷം വർധിക്കുകയും പോലീസുകാരുടെ ആത്മഹത്യകൾ വർധിക്കുകയും ചെയ്ത സാഹചര്യത്തിലാണ് സേനാംഗങ്ങളുടെ ടെൻഷൻ കുറയ്ക്കാൻ സംസ്ഥാനവ്യാപകമായി ഇത്തരം സെന്ററുകൾ സജ്ജമാക്കാൻ കേരള പോലീസ് പദ്ധതി ആസൂത്രണം ചെയ്യുന്നത്.