സ്വന്തം ലേഖകൻ
തൃശൂർ: നെടുപുഴ ജനമൈത്രി പോലീസ് ബീറ്റ് ഓഫീസർമാർ വയോജനങ്ങളെ സന്ദർശിക്കുന്നതിനിടയിലാണ് ശോഭന എന്ന അമ്മയുടെ വീട്ടിലെത്തിയത്. തമിഴ്നാട്ടിൽ ഡോക്ടറായ ഭർത്താവിനൊപ്പം താമസിച്ചിരുന്ന ശോഭന ഭർത്താവിന്റെ മരണശേഷം നാട്ടിലേക്കു മടങ്ങുകയായിരുന്നു.
മക്കളില്ലാത്ത ഈ അമ്മ നാട്ടിൽ ഒറ്റയ്ക്കു താമസമാക്കി. നെടുപുഴ ബീറ്റ് ഓഫീസർമാരായ എസ്്സിപിഒ വിനയൻ, ബിന്നി ജോസ്, പിങ്ക് പട്രോളിംഗ് ഓഫീ സർ കെ.വി. ചിത്ര എന്നിവർ ശോഭനയുടെ വീട്ടിലെത്തി ഒറ്റയ്ക്കു താമസിച്ചാലും തങ്ങൾ അടുത്തുണ്ടെന്ന ധൈര്യം പകരുന്ന ബെൽ ഓഫ് ഫെയ്ത്തിനെക്കുറിച്ചു പറഞ്ഞത്.
മൂന്നു വർഷം മുന്‍പാണു കേരള പോലീസ് ഈ പദ്ധതി നടപ്പിലാക്കിയത്. വീട്ടിലെ വൈദ്യുതി കൊണ്ട് ചാർജ് ചെയ്യാവുന്നതും ബാറ്ററികൊണ്ട് പ്രവർത്തിപ്പിക്കാവുന്നതുമായ ചെറിയൊരു ഇലക്ട്രിക് ഉപകരണമാണിത്.
എന്തെങ്കിലും ഭയപ്പാട് നിറഞ്ഞ് സാഹചര്യം ഉണ്ടായാൽ ഈ ഉപകരണത്തിലെ ബട്ടണിൽ അമർത്തിയാൽ പുറത്തേക്കുവച്ച റിസീവറിൽ മുഴങ്ങുന്ന അലാറം ഒന്നര കിലോമീറ്റർ ദൂരത്തിൽ വരെ കേൾക്കും.
അങ്ങനെ അപകട സാധ്യതകൾ ഇല്ലാതാക്കാനാകും. ഇതുവഴി പോലീസ് വിവരമറിഞ്ഞ് സഹായത്തിനായി ഓടിയെത്താനും ഇടയാക്കും. വിവരമറിഞ്ഞയുടൻ ശോഭന ഒരു ബെൽ വാങ്ങി വയ്ക്കുകയും ചെയ്തു.
ഇതിനികം നെടുപുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചു വീടുകളിൽ ധൈര്യത്തിന്റെ മണിമുഴക്കം ഉണ്ട്. ഈസ്റ്റ്, ഒല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ രണ്ടു വീടുകളിൽ വീതവും ഈ സഹായം നൽകിയിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
ഇതുണ്ടെങ്കിൽ ഏതു പാതിരാത്രിയിലും ഒരു ധൈര്യവും ആശ്വാസവുമാണ് വീട്ടമ്മമാർ പറയുന്നു.