തൃശൂർ: മണ്ണുത്തി സ്റ്റേഷനിലേക്ക് ഒരു വിദേശ നന്പരിൽനിന്ന് ഫോണ്‍കോൾ – മാഡം, ഞാൻ വിദേശത്തുനിന്നാണു വിളിക്കുന്നത്. എത്രയുംപെട്ടന്ന് ഒരു സഹായം ചെയ്യണം.
എന്റെ ഒരു കൂട്ടുകാരൻ മാടക്കത്തറ ഭാഗത്ത് ആത്മഹത്യ ചെയ്യാനായി തയാറാകുന്നുണ്ട്. അവൻ അതിന്റെ ഫോട്ടോ സഹിതം എനിക്ക് അയച്ചുതന്നിരിക്കുന്നു.
എത്രയുംവേഗം പോയിനോക്കണം. അവൻ എന്നെ അറിയിച്ച ശേഷം ഫോണ്‍ ഓഫാക്കുകയും ചെയ്തു.പരിഭ്രമത്തിലുള്ള ഫോണ്‍വിളി കേട്ട ഉടൻതന്നെ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസറായ കെ.എസ്. രജിത ബൈക്ക് പട്രോളിംഗ് ഡ്യൂട്ടിയിലെ സിവിൽ പോലീസ് ഓഫീസർമാരായ പി.പി. അജിത്ത്, വി.പി. രാജേഷ് എന്നിവരെ വിവരം അറിയിച്ചു.
അവർ ഉടൻതന്നെ സംഭവസ്ഥലത്തേക്ക് ബൈക്കിൽ കുതിച്ചു. കൂട്ടുകാരൻ കൊടുത്ത നന്പറിൽ യുവാവിനെ ഇടയ്ക്കു വിളിക്കാൻ ശ്രമിക്കുകയും ചെയ്തു. വിളിച്ചിട്ടു കിട്ടിയില്ലെങ്കിലും പറഞ്ഞ വിലാസമനുസരിച്ച് അവർ ഉടൻ സ്ഥലത്തെത്തി.
വീടിന്റെ മുൻവശത്തെ വാതിൽ തുറന്നിട്ടിരുന്നു. ഒരു മുറിമാത്രം അകത്തുനിന്നും അടച്ചിട്ടിരിക്കുന്നത് അവരുടെ ശ്രദ്ധയിൽപ്പെട്ടു.
ഉടൻ പുറത്തിറങ്ങി ജനലിന്റെ ചെറിയൊരു പഴുതിലൂടെ നോക്കിയപ്പോൾ ആത്മഹത്യയ്ക്കു ശ്രമിക്കുന്ന യുവാവിനെയാണു കണ്ടത്.
വാതിൽ തുറക്കാനും, എന്തുപ്രശ്നങ്ങളുണ്ടെങ്കിലും നമുക്കു പരിഹരിക്കാമെന്നും രണ്ടുപേരും അവനോടു വാതിലിലും ജനലിലും തട്ടി നിരന്തരം അഭ്യർഥിച്ചുകൊണ്ടിരുന്നു. അതിനിടയിൽ വാതിൽ തുറക്കാനുള്ള ശ്രമങ്ങളും നടത്തി.
പോലീസുദ്യോഗസ്ഥരുടെ അഭ്യർഥനകേട്ട് അല്പനേരം നിന്ന യുവാവ് അവസാനം താഴെയിറങ്ങി വാതിൽ തുറന്നു. മാനസിക സംഘർഷംമൂലം രണ്ടു ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്നും മാതാപിതാക്കൾ പുറത്തേക്കു പോയിരിക്കുകയാണെന്നും അയാൾ പറഞ്ഞു.
വീട്ടുകാരെ സ്റ്റേഷനിൽ വിളിച്ചുവരുത്തി ഇൻസ്പെക്ടർ ശശിധരൻപിള്ള കാര്യങ്ങൾ ചോദിച്ചറിഞ്ഞു. യുവാവിനോടും വീട്ടുകാരോടും വളരെസമയം സംസാരിച്ചും ആശ്വസിപ്പിച്ചും ഇൻസ്പെക്ടർ യുവാവിന് ഏറെ ധൈര്യം നൽകിയാണു വീട്ടിലേക്കു തിരിച്ചയച്ചത്.