തൃശൂർ: മണ്‍സൂണ്‍ കാലയളവിൽ വീടുപൂട്ടി പോകുന്നവർ അക്കാര്യം അടുത്ത സ്റ്റേഷനിൽ രേഖാമൂലം അറിയിക്കണമെന്ന് സിറ്റി പോലീസ് കമ്മീഷണർ യതീഷ് ചന്ദ്ര പത്രക്കുറിപ്പിൽ അറിയിച്ചു.പട്രോളിംഗ് സമയത്ത് പോലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാണിത്. പ്രായമായവർ മാത്രം താമസിക്കുന്ന വീടുകൾ സംബന്ധിച്ച് ബന്ധപ്പെട്ടവർ അടുത്ത സ്റ്റേഷനിൽ വിവരം നൽകണം.
വീടുപൂട്ടി പോകുന്പോൾ പാലും പത്രവുമെല്ലാം താൽക്കാലികമായി നിർത്തണം. ഇരുന്പ് ഉപകരണങ്ങൾ വീടിനുപുറത്ത് സൂക്ഷിക്കരുത്. പകൽസമയത്തെ മോഷണം തടയാൻ അപരിചിതർ വരുന്പോൾ ജനൽവഴി നിരീക്ഷിച്ച ശേഷം വാതിൽ തുറക്കണം. വീടുകളിൽ വിലപിടിപ്പുള്ള ആഭരണങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കണം.
ഇതര സംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിക്കുന്ന തൊഴിലുടമകൾ ഇത്തരക്കാരുടെ മുഴുവൻ വിവരങ്ങളും ശേഖരിക്കണം. മണ്‍സൂണ്‍ കാലത്ത് മോഷണങ്ങൾ വർധിക്കാനിടയുള്ളതിനാൽ പോലീസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയതായും കമ്മീഷണർ അറിയിച്ചു.
സിറ്റി പരിധിയിലെ 21 പോലീസ് സ്റ്റേഷൻ അതിർത്തികളിലും രാത്രി 11 വരെ പോലീസ് പട്രോളിംഗ് ഉണ്ടാവും. ബൈക്കിലും കാൽനടയായുമാണ് പട്രോളിംഗ്. എടിഎം, ആരാധനാലയങ്ങൾ, ഒറ്റപ്പെട്ട വീടുകൾ, ജ്വല്ലറികൾ എന്നിവയുള്ള മേഖലകളിൽ പ്രത്യേകം പട്രോളിംഗ് നടത്തും.
സ്ഥിരം കുറ്റവാളികളെ നിരീക്ഷിക്കും. റെയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാൻഡ് പരിസരങ്ങളിലും പോലീസ് സംഘങ്ങളെ പ്രത്യേകം വിന്യസിക്കും. പട്രോളിംഗിന് സന്നദ്ധ സംഘങ്ങളെ ഇറക്കും. സിസിടിവി നിരീക്ഷണം ശക്തമാക്കുമെന്നും ബോധവത്കരണ ക്ലാസുകൾ നടത്തുമെന്നും കമ്മീഷണർ അറിയിച്ചു.