ഇരിട്ടി: വയനാട്ടിലെ വെടിവയ്പിനുശേഷം കണ്ണൂർ ജില്ലയിലെ കാടുകളിലേക്ക് ഒതുങ്ങിയ മാവോയിസ്റ്റ് സംഘവും പോലീസും തമ്മിൽ വീണ്ടും വെടിവയ്പ്.
രണ്ടു പേർക്ക് പരിക്കേറ്റതായും ആയുധശേഖരം പിടികൂടിയതായും സൂചനയുണ്ട്. പരിക്കേറ്റത് മാവോയിസ്റ്റുകൾക്കാണോയെന്ന് സ്ഥിരീകരിച്ചിട്ടില്ല.
അയ്യൻകുന്ന് പഞ്ചായത്തിലെ ഉരുപ്പുംകുറ്റി ആയാംകുടി ഭാഗത്താണ് വെടിവയ്പ് നടന്നതായി പറയപ്പെടുന്നത്. കരിക്കോട്ടക്കരി ടൗണിലടക്കം വെടിഒച്ച കേട്ടതായും വനത്തിൽനിന്ന് പുക ഉയരുന്നതായും നാട്ടുകാർ പറയുന്നു.
ഏകദേശം 25 റൗണ്ട് ഓളം വെടിഒച്ച കേട്ടതയാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ രണ്ടു ദിവസമായി ഈ മേഖലകളിൽ പോലീസിന്റെയും തണ്ടർബോൾട്ടിന്റെയും തെരച്ചിൽ ശക്തമായിരുന്നു.
ഇതിനിടയിലാണ് വാള തോടിലെ വീടുകളിൽ എത്തി മാവോയിസ്റ്റ് സംഘം ഭക്ഷണവും മറ്റും ശേഖരിച്ച് തിരികെ പോയത്.