ഗാന്ധിനഗര്‍: നേത്രദാനത്തിലൂടെ കാഴ്ചലഭിച്ച ഗൃഹനാഥന്റെ കണ്ണിന് പോലീസ് മര്‍ദനത്തില്‍ ഗുരുതര പരിക്കേറ്റ സംഭവത്തില്‍ പീരുമേട് മജിസ്‌ട്രേറ്റ് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തി ഗൃഹനാഥന്റെ മൊഴിയെടുത്തു. മുണ്ടക്കയം പാറത്താനം പള്ളിവാതുക്കല്‍ സജി എബ്രാഹമി (ഷാജി-40)നാണ് പരിക്കേറ്റത്. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രിയ്ക്കും മനുഷ്യാവകാശകമ്മീഷനും പരാതി നല്‍കുമെന്ന് ഷാജി രാഷ്്ട്രദീപികയോട് പറഞ്ഞു. രണ്ടു വര്‍ഷം മുമ്പ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍വച്ച ഷാജിയുടെ ഇടത്തേക്കണ്ണ് മാറ്റിവച്ചിരുന്നു.
ഈ കണ്ണിനാണ് പോലീസ് മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ നവംബര്‍ 30ന് വൈകുന്നേരം 6.30ന് മുണ്ടക്കയം 35-ാം മൈല്‍ സര്‍ക്കാര്‍ മദ്യവില്പനശാലയുടെ സമീപമായിരുന്നു സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറായ ഷാജിയെ രണ്ടു സുഹൃത്തുക്കള്‍ ഓട്ടം വിൡച്ചു. 35-ാം മൈലിലെത്തിയപ്പോള്‍ മദ്യം വാങ്ങുന്നതിനായി ഓട്ടോ നിര്‍ത്തി. ഈ സമയം സ്ഥലത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ വാഹനം മാറ്റിയിടുവാന്‍ നിര്‍ദേശിച്ചു.
ആളെ ഇറക്കിയതിനു ശേഷം വാഹനം മാറ്റിയിടാമെന്നു ഷാജി പറഞ്ഞെങ്കിലും പോലീസുകാരന്‍ വകവച്ചില്ല. ഇതിനിടയില്‍ യാത്രക്കാര്‍ വാഹനത്തില്‍ നിന്നും ഇറങ്ങി. ഇതു ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഷാജിയെ അസഭ്യം പറഞ്ഞു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും സജിയെ പോലീസ് ഉദ്യോഗസ്ഥന്‍ അടിക്കുകയും ചെയ്തു. തുടര്‍ന്ന് ഷാജിയെ പെരുവന്താനം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ചു. സ്‌റ്റേഷനില്‍ വച്ച് പോലീസ് ഷാജിയെ മര്‍ദിച്ചു. മര്‍ദനത്തില്‍ ഷാജിയുടെ ഇടതുകണ്ണിനു പരിക്കേല്‍ക്കുകയും കൃഷ്ണമണി പുറത്തേക്ക് വരികയും ചെയ്തു.
തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ ഷാജിയെ എത്തിക്കുകയും പ്രഥമിക ശുശ്രൂഷ നല്‍കുകയും ചെയ്തു. സ്റ്റേഷനില്‍ എത്തിച്ച ഷാജിക്കെതിരെ കൃത്യ നിര്‍വഹണം തടസപ്പെടുത്തിയെന്ന വകുപ്പ് ചുമത്തി കേസെടുത്തു. സംഭവം അറിഞ്ഞു സ്റ്റേഷനില്‍ എത്തിയ ബന്ധുക്കളോട് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിനാല്‍ വിട്ടയക്കാന്‍ സാധിക്കില്ലെന്നു പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിറ്റേന്ന് ഷാജിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി. കോടതിയില്‍ നിന്നുമാണ് ഷാജിയ്ക്ക് ജാമ്യം ലഭിച്ചത്.
തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച ഷാജിയെ അടിയന്തര ശസ്ത്രക്രീയയ്ക്കു വിധേയമാക്കി. വര്‍ഷങ്ങളായി കാഴ്ചയില്ലാതിരുന്ന ആളായിരുന്നു ഷാജി. 2013 ലാണ് ഷാജിയ്ക്ക് കണ്ണ്് മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയിലൂടെ ഇടതു കണ്ണിനു കാഴ്ച ലഭിക്കുന്നത്. പിന്നീട് 2014-ല്‍ ശസ്ത്രക്രീയയിലൂടെ വലതു കണ്ണിനു കാഴ്ച ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാള്‍ പറത്താനം സ്റ്റാന്‍ഡില്‍ ഓട്ടോ ഓടിച്ചു ജീവിതം മുന്നോട്ട് നയിക്കുകയായിരുന്നു.
വീണു പരിക്കേറ്റതെന്നു പോലീസ്; കൃഷ്ണമണി പുറത്തുവരാന്‍ കാരണം കണ്ണിനേറ്റ ആഘാതമെന്നു ഡോക്ടര്‍
ഗാന്ധിനഗര്‍: പെരുവന്താനം പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ഷാജി ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ സ്‌റ്റേഷന്‍ മുറ്റത്ത് കമഴ്ന്നു വീണു പരിക്കുപറ്റിയതാണെന്നും പോലീസ് ഷാജിയെ മര്‍ദിച്ചിട്ടില്ലെന്നും പെരുവന്താനം എസ്‌ഐ വി.കെ. മുരളീധരന്‍ പറഞ്ഞു.
ഇടതു കണ്ണിനു ഏറ്റ ആഘാതമാണ് കൃഷ്ണമണി പുറത്തേക്കു വരാന്‍ കാരണമായതെന്നു മെഡിക്കല്‍ കോളജ് ആശുപത്രി നേത്രരോഗവിഭാഗം മേധാവി ഡോ. എലിസബത്ത് പറഞ്ഞു. കണ്ണില്‍ രക്തം കെട്ടിക്കിടക്കുന്നതിനാല്‍ നാളെ സ്കാനിംഗ് നടത്താന്‍ സാധിക്കുകയുള്ളൂ. സ്കാനിംഗിനു വിധേയമാക്കിയതിനു ശേഷമേ വിദഗ്ധ ചികിത്സയെക്കുറിച്ച് പറയാന്‍ സാധിക്കുകയുള്ളൂവെന്ന് എലിസബത്ത് വ്യക്തമാക്കി.