തിരുവനന്തപുരം : ഭാര്യ നൽകിയ പരാതിയിൽ പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയ ഭർത്താവിനെ മർദിച്ച് വാരിയെല്ല് പൊട്ടിച്ച മാരായമുട്ടം മുൻ എസ്ഐക്കെതിരെ വകുപ്പുതല നടപടിയും നിയമ നടപടിയും സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക്.
ഉത്തരവിൻമേൽ സ്വീകരിച്ച നടപടികൾ രണ്ടു മാസത്തിനകം സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും ഉത്തരവിൽ പറയുന്നു.
കേസ് ജൂൺ 22 ന് വീണ്ടും പരിഗണിക്കും. ആനാവൂർ കോട്ടക്കൽ സ്വദേശിനി വീനീഷ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. നെയ്യാറ്റിൻകര ഡിവൈ എസ്പിയിൽ നിന്നും കമ്മീഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങിയിരുന്നു.
ഇതിൽ ആരോപണം നിഷേധിച്ചതിനെ തുടർന്ന് കമ്മീഷന്റെ അന്വേഷണ വിഭാഗം നേരിട്ട് അന്വേഷിച്ചു. മാരായമുട്ടം എസ്ഐ യുടെ ഭാഗത്ത് നിന്നും ഗുരുതരമായ അധികാര ദുർവിനിയോഗം ഉണ്ടായതായി കമ്മീഷൻ കണ്ടെത്തി.
2020 ജൂലൈ 15 ന് ഉച്ചയ്ക്കാണ് സംഭവം. അന്നു തന്നെ പരാതിക്കാരൻ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ എസ്ഐയും രണ്ട് പോലീസുകാരും ചേർന്ന് മർദിച്ചതായി ഡോക്ടർമാർ രേഖപ്പെടുത്തിയിട്ടുണ്ട്.
കൈ ചുരുട്ടി നടുവിന്റെ ഇടതു ഭാഗത്ത് ഇടിച്ചതായാണ് ഡോക്ടർ രേഖപ്പെടുത്തിയിട്ടുള്ളത്.പരാതിക്കാരനെ എസ്ഐ മർദിച്ചിട്ടില്ലെന്ന ഭാര്യയുടെ വാദം കമ്മീഷൻ തള്ളി.