മറയൂർ: തിയറ്റർ പരിസരത്ത് നിർത്തിയിട്ട ഓട്ടോറിക്ഷ കാണാതായത് അന്വേഷിച്ചെത്തിയ പോലീസുകാർക്ക് മർദനം. മറയൂർ എഎസ്ഐ ബോബി എം. തോമസ് (46), സീനിയർ സിപിഒ എൻ.എസ്. സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്.
ആക്രമണം നടത്തിയ ബാബു നഗർ സ്വദേശി ചിന്ന എന്നറിയപ്പെടുന്ന രാജേഷി (33)നെ പോലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച രാത്രി മേലാടി സ്വദേശി പാണ്ടിരാജ് കുടുംബസമേതം സിനിമ കാണാൻ ഓട്ടോറിക്ഷയിൽ എത്തിയിരുന്നു.
ഇടവേളയിൽ പുറത്തിറങ്ങി നോക്കിയപ്പോൾ ഓട്ടോറിക്ഷ കണ്ടില്ല.പാണ്ടിരാജ് പോലീസിൽ പരാതി നൽകിയതിനെത്തുടർന്ന് പോലീസ് ഉടൻതന്നെ അന്വേഷണം നടത്തിയപ്പോൾ രാജേഷിന്റെ കൈവശം ഓട്ടോ ഉള്ളതായി അറിഞ്ഞു.
പോലീസ് രാജേഷിന്റെ വീട്ടിലെത്തി ഓട്ടോറിക്ഷ കണ്ടെത്തി. തുടർന്ന് രാജേഷിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ രാജേഷ് പോലീസിനെ അസഭ്യം പറയുകയും മർദിക്കുകയും ചെയ്തു.
സംഭവസ്ഥലത്തുനിന്നു രാജേഷിനെയും ഇയാളുടെ വീട്ടവളപ്പിൽനിന്നു ഓട്ടോറിക്ഷയും പിടികൂടി. ഒട്ടേറെ കേസുകളിലെ പ്രതിയാണ് രാജേഷ്.
പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥർ മറയൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതിയെ ദേവികുളം കോടതിയിൽ ഹാജരാക്കി.