പുൽപ്പള്ളി: വാഹനപരിശോധനയുമായി ബന്ധപ്പെട്ട് അഡീഷണൽ എസ് ഐ പുഷ്പാംഗരനെ(50) കൈയേറ്റം ചെയ്തതിനു പോലീസ് കസ്റ്റഡിയിലെടുത്ത കർഷകന് ലോക്കപ്പിൽ ക്രൂരമർദനം. കുറ്റ്യാടി കാവിലുംപാറ ചാപ്പൻതോട്ടം ഓതറക്കുന്നേൽ റോയി തോമസിനെയാണ്(46) ലോക്കപ്പിൽ തല്ലിച്ചതച്ചത്. ഗുരുതരമായ പരിക്കേറ്റ റോയി ജില്ലാ ആശുപത്രിയിൽ ചികിത്സയിലണ്.
അവശനിലയിലാണെന്നുകണ്ട് കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്നാണ് റോയിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുള്ളൻകൊല്ലി പാടിച്ചിറയിലാണ് റോയിയുടെ ഭാര്യവീട്. റോയി കൈയേറ്റം ചെയ്ത എഎസ്ഐയും ജില്ലാ ആശുപത്രിയിൽ ചികിത്സ നേടിയിരുന്നു.
ഞായറാഴ്ച വൈകുന്നേരമാണ് റോയിയെ പോലീസ് കസ്റ്റഡിയിലെടുക്കുന്നതിനു ആധാരമായ സംഭവം. പാടിച്ചിറ ഇല്ലിച്ചുവട്ടിലെ ഭാര്യവീട്ടിലേക്ക് ബൈക്കിൽ പോകുകയായിരുന്നു റോയി. ഹെൽമറ്റ് ധരിച്ചിരുന്നില്ല. ഇത് ശ്രദ്ധയിൽപ്പെട്ട പോലീസ് കൈകാണിച്ചെങ്കിലും റോയി ബൈക്ക് നിർത്തിയില്ല.
പിന്തുടർന്ന പോലീസ് ഇല്ലിച്ചുവട്ടിലെ ഭാര്യവീട്ടിലെത്തിയപ്പോഴാണ് റോയി എഎസ്ഐയെ കൈയേറ്റം ചെയ്തത്. പോലീസ് ജീപ്പിലും ലോക്കപ്പിലും ക്രൂരമർദനമാണ് ഉണ്ടായതെന്ന് റോയി പറഞ്ഞു. പോലീസ് ബൈക്കിനു കൈകാണിച്ചത് കണ്ടില്ലെന്നും എഎസ്ഐയെ കൈയേറ്റം ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു. ലാത്തിക്കും ചൂരലിനുമുള്ള അടിയേറ്റ് റോയിയുടെ ശരീരമാസകലം പരിക്കുണ്ട്.
ബത്തേരി കോടതിയിൽ ഹാജരാക്കിയപ്പോൾ ശാരീരികസ്ഥിതിയിൽ സംശയംതോന്നി മജിസ്ട്രേറ്റ് വിശദമായി തിരക്കിയപ്പോഴാമ് മർദനവിവരം റോയി വെളിപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്നവരടക്കം നാല് പോലീസുകാരാണ് മർദിച്ചതെന്ന് റോയി പറഞ്ഞു. ലോക്കപ്പ് മർദനത്തിനെതിരെ മുഖ്യമന്ത്രിക്കും പോലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കും പരാതി നൽകുമെന്ന് അദ്ദേഹം അറിയിച്ചു.