തിരുവനന്തപുരം: മാനസിക അസ്വാസ്ഥ്യമുള്ള സ്ത്രീയെ പോലീസ് സ്റ്റേഷനുള്ളിൽ വച്ച് ചൂരലിന് മർദ്ദിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് ലഭിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് തിരുവനന്തപുരം റൂറൽ എസ്പി. അശോക് കുമാർ രാഷ്ട്രദീപികയോട് പറഞ്ഞു.
പാറശാല സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇന്നലെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇക്കഴിഞ്ഞ മാസം 24 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാറശാല സ്വദേശിനിയായ സ്ത്രീ വിതുരയിലെ ബന്ധു വീട്ടിൽ പോയി മടങ്ങി വരവെയാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
വിതുരയിൽ നിന്നും നെടുമങ്ങാട്ടേക്ക് വരികയായിരുന്ന കെഎസ്ആർടിസി ബസിൽ ടിക്കറ്റെടുത്തില്ലെന്ന് കാട്ടി ചെക്കിംഗ് ഇൻസ്പെക്ടർ സ്ത്രീക്കെതിരെ 500 രൂപ പിഴ ചുമത്തിയിരുന്നു. കൈയിൽ പണമുണ്ടായിട്ടും ടിക്കറ്റ് എടുക്കാത്തത് പണം മോഷ്ടിച്ചതായതു കൊണ്ടാ ണെന്ന് ആരോപിച്ച് സ്ത്രീയെ കെഎസ് ആർടിസി ജീവനക്കാർ പോലീസിന് കൈമാറുകയായിരുന്നു.
ഇവരെ സ്റ്റേഷനിൽ വച്ച് പോലീസ് ചൂരലിന് മർദ്ദിച്ചുവെന്നും കാട്ടിയാണ് മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയത്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് അധ്യക്ഷൻ പി.മോഹനദാസ് ജില്ലാ പോലീസ് മേധാവി, കെഎസ്ആർടിസി എംഡി എന്നിവരോട് നിർദേശിച്ച് ഉത്തരവിടുകയായിരുന്നു.