കൊല്ലം : പൂർവവൈരാഗ്യത്തെതുടർന്ന് പുത്തൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥർ സഹോദരിയിൽ നിന്നും പരാതി എഴുതി വാങ്ങി സഹോദരനെ കസ്റ്റഡിയിലെടുത്ത് അതിക്രൂരമായി മർദിച്ച സംഭവം ക്രമസമാധാന ചുമതലയില്ലാത്ത ഉയർന്ന പോലീസുദ്യോഗസ്ഥനെ കൊണ്ട ് പുനരന്വേഷിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്.
സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ അംഗം കെ. മോഹൻകുമാർ നിർദേശം നൽകിയത്.
കുറ്റക്കാരനായ ഉദ്യോഗസ്ഥർക്കെതിരെ നിയമാനുസൃത നടപടികൾ ഡി ജി പി സ്വീകരിക്കണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. കൊട്ടാരക്കര കോട്ടാത്തല സ്വദേശി എസ്. സുധനെയാണ് കള്ളകേസ് രജിസ്റ്റർ ചെയ്ത് ജയിലിലാക്കിയത്. ഇയാളുടെ സഹോദരൻ എസ് ലാലുവിനെയും കള്ളക്കേസിൽ പ്രതിയാക്കി ജയിലിലടച്ചു.
പുത്തൂർ എസ്ഐ പ്രവീണിനെതിരെയാണ് പരാതി. കമ്മീഷൻ കൊട്ടാരക്കര ഡി വൈ എസ് പി യെ കൊണ്ട ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ തൃപ്തികരമായ റിപ്പോർട്ട് നൽകാത്തതിനെ തുടർന്ന് ഡി വൈ എസ് പിയുടെ അന്വേഷണ റിപ്പോർട്ട് കമ്മീഷൻ തള്ളി. തുടർന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലെ അന്വേഷണ വിഭാഗത്തിന് കേസ് കൈമാറി.
സഹോദരിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുന്പ് പരാതിക്കാരനായ എസ് സുധനെ കസ്റ്റഡിയിലെടുത്തതായി മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ റിപ്പോർട്ട് ചെയ്തു. റിമാന്റ് അപേക്ഷയിൽ ഇക്കാര്യം മറച്ചുവച്ച് കോടതിയിൽ റിപ്പോർട്ട് നൽകി. പുത്തൂർ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകൾ കൊട്ടാരക്കര കോടതിയിൽ വിചാണയിലാണ്.
തുടർന്ന് കൊല്ലം റുറൽ ജില്ലാ പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം കോടതിയുടെ അനുമതി വാങ്ങി പുനരന്വേഷിക്കാൻ നടപടി സ്വീകരിച്ചതായും റിപ്പോർട്ടിലുണ്ട ്. എഫ് ഐ ആറിലും റിമാന്റ് അപേക്ഷയിലും തിരിമറി നടത്തുകയും അമിത ബലപ്രയോഗം നടത്തി സുധനെ പരിക്കേൽപ്പിക്കുകയും ചെയ്ത എസ് ഐ ക്കെതിരെ വകുപ്പുതല അന്വേഷണം നടത്തി ശിക്ഷാനടപടികൾ സ്വീകരിക്കണമെന്നും അന്വേഷണ റിപ്പോർട്ടിലുണ്ട്.
2017 സെപ്റ്റംബർ 22 മുതൽ 23 വരെ സ്റ്റേഷനിൽ സുധൻ ഭീകര മർദനത്തിന് ഇരയായതായി കമ്മീഷൻ കണ്ടെത്തി. 25 ദിവസം ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സ തേടിയിരുന്നു.