മാവേലിക്കര: കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് രാത്രിയിൽ ഡിവൈഎഐഎ നേതാവിന്റെ വീട്ടിൽ കയറി പോലീസ് അതിക്രമം കാട്ടിയതായി പരാതി.
ഡിവൈഎഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി സന്ദീപ് ശിവരാമന്റെ പല്ലാരിമംഗലം അഭയം വീട്ടിലെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന സിവിൽ പോലീസ് ഓഫീസർ പ്രതാപ് ചന്ദ്രമേനോൻ സന്ദീപിന്റെ മാതാപിതാക്കളായ ശിവരാമൻ(62), ഷീല(50) എന്നിവരെ ആക്രമിച്ചതായാണ് പരാതി.
ഇവർ മാവേലിക്കര ജില്ലാ ആശുപത്രിയിൽ ചികിത്സതേടി. പോനകത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ടാണ് പോലീസ് സന്ദീപിനെ അന്വേഷിച്ച് എത്തിയത്.
സന്ദീപ് വീട്ടിലില്ലെന്ന് വീട്ടുകാരിൽ നിന്ന് അറിഞ്ഞ് പോലീസ് ഓഫീസർ പ്രകോപിതനായി സന്ദീപിന്റെ മാതാപിതാക്കളെ പിടിച്ചു തള്ളിയതായാണ് പരാതി.
സംഭവത്തിൽ ആരോപണ വിധേയനായ പ്രതാപ് ചന്ദ്രമേനോനെ സസ്പെൻഡ് ചെയ്ത് അന്വേഷണം നടത്തണമെന്ന് സിപിഎം മാവേലിക്കര ഏരിയ കമ്മിറ്റി ആവശ്യപ്പെട്ടു. ലോ ആന്റ് ഓർഡർ ഡ്യൂട്ടിയിൽ നിന്ന് ഇയാളെ മാറ്റിനിർത്തിയതായി മാവേലിക്കര സിഐ ബി.വിനോദ്കുമാർ അറിയിച്ചു.