ചിറ്റൂർ: ഉപജില്ലാ കലോത്സവം കാണാനെത്തിയ വിദ്യാർഥിയെ ചിറ്റൂർ പോലീസ് ലാത്തികൊണ്ട് അടിച്ചതായി പരാതി. കഞ്ചിക്കോട് ഹരിശ്രീ മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അബ്ബാസിനാണ് മർദനമേറ്റത്. മർദനത്തിൽ തോളിനും കാലിനും സാരമായി പരിക്കേറ്റ അബ്ബാസ് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടിന് ചിറ്റൂർ ഗവണ്മെന്റ് യുപി സ്കൂളിലായിരുന്നു സംഭവം. മർദനത്തെ തുടർന്നു സ്റ്റേഷനിൽ കൊണ്ടുപോയ വിദ്യാർഥിയെ പിന്നീട് മനുഷ്യാവകാശ പ്രവർത്തകരെത്തിയാണ് മോചിപ്പിച്ചത്. പോലീസ് മർദനത്തിൽ അബ്ബാസിന്റെ പോക്കറ്റിലുണ്ടായിരുന്ന മൊബൈലിനും കേടുപറ്റി.
വിദ്യാർഥികളുമായി അബ്ബാസ് വഴക്കിടുകയും ബസിനുനേരെ കല്ലെറിഞ്ഞെന്നുമാണ് പോലീസ് നല്കുന്ന വിശദീകരണം. ചിറ്റൂർ വിക്ടോറിയ ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ലാ കലോത്സവത്തിന് യുപി സ്കൂളും മത്സരവേദിയാണ്.