ന്യൂഡൽഹി: തീസ് ഹസാരി കോടതിവളപ്പിൽ ശനിയാഴ്ച അഭിഭാഷകരും പോലീസും തമ്മിലുണ്ടായ സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മർദനമേറ്റ സംഭവത്തിൽ ദേശീയ വനിത കമ്മീഷൻ ഇടപെടുന്നു. ദേശീയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശർമ സംഭവത്തെ അപലപിച്ചു. വിഷയത്തിൽ സ്വമേധയ കേസെടുക്കുമെന്നും കമ്മീഷൻ അറിയിച്ചു.
ഒരു സംഘം അഭിഭാഷകരെ മറ്റു പോലീസുകാര്‍ക്കൊപ്പം തടയാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഉദ്യോഗസ്ഥ കയ്യേറ്റം ചെയ്യപ്പെട്ടത്. സിസിടിവി ദൃശ്യങ്ങളിലാണ് വനിതാ ഉദ്യോഗസ്ഥ ആക്രമിക്കപ്പെട്ടതായി വ്യക്തമായത്.
അക്രമസംഭവത്തിനിടെ വനിതാ കോണ്‍സ്റ്റബിളിന്റെ തോക്ക് നഷ്ടപ്പെട്ടതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ച തീസ് ഹസാരി കോടതി വളപ്പിൽ പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കമാണ് വലിയ സംഘട്ടനത്തിൽ കലാശിച്ചത്. ആക്രമണത്തിൽ 20 പോലീസുകാർക്കു പരിക്കേറ്റിരുന്നു. ഒരു പോലീസ് വാഹനം കത്തിച്ചത് ഉൾപ്പെടെ 20 പോലീസ് വാഹനങ്ങൾ തകർത്തു. എട്ട് അഭിഭാഷകർക്കും പരിക്കേറ്റിരുന്നു.