തിരുവനന്തപുരം: ആളുമാറി യുവാവിനെ പോലീസ് മർദ്ദിച്ചുവെന്ന പരാതിയെക്കുറിച്ച് ആറ്റിങ്ങൽ ഡിവൈഎസ്പി അനിൽകുമാർ പ്രാഥമിക അന്വേഷണം ആരംഭിച്ചു. വക്കം പുതുവൽ വടക്കുംഭാഗം വീട്ടിൽ അജി (48)യുടെ പരാതിയിലാണ് ഡിവൈഎസ്പി അന്വേഷണം നടത്തുന്നത്.
വാറന്റ് പ്രതിയെന്നാരോപിച്ച് രാത്രിയിൽ കടയ്ക്കാവൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിൽ അതിക്രമിച്ച് കയറി മർദ്ദിച്ചുവെന്ന് കാട്ടി ഇയാൾ ആറ്റിങ്ങൽ ഡിവൈഎസ്പിക്ക് പരാതി നൽകിയിരുന്നു.
പോലീസ് അന്വേഷിക്കുന്ന പ്രതി താനല്ലെന്ന് പറയുകയും താൻ വിദേശത്ത് നിന്നും നാട്ടിൽ അവധിക്ക് വന്നതാണെന്നും തെളിവായി പാസ്സ്പോർട്ട് കാണിച്ചതോടെയാണ് പോലീസുകാർ മടങ്ങിപ്പോയെന്നും ഈ വിവരം പുറത്ത് പറഞ്ഞാൽ കള്ളക്കേസിൽപ്പെടുത്തുമെന്ന് പോലീസ് ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു അജിയുടെ പരാതി.
എന്നാൽ വാറന്റ് കേസിലെ പ്രതിയെ അന്വേഷിച്ച് അജിയുടെ വീട്ടിൽ പോയിരുന്നുവെന്നും ഇയാൾ വിദേശത്തായിരുന്നുവെന്നതിന് തെളിവായി പാസ്സ്പോർട്ട് കാണിച്ചപ്പോൾ പോലീസ് മടങ്ങിപ്പോകുയായിരുന്നുവെന്നും അജിയെ മർദ്ദിക്കുകയും അസഭ്യം വിളിക്കുകയൊ ചെയ്തിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.
കടയ്ക്കാവൂർ എസ്ഐയിൽ നിന്നും പരാതിക്കാരനിൽ നിന്നും ഡിവൈഎസ്പി വിവരങ്ങൾ ശേഖരിച്ചു. പ്രദേശവാസികളിൽ നിന്നും കൂടുതൽ വിവരങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് ഡിവൈഎസ്പി അറിയിച്ചു.